തിരുവനന്തപുരം: മദ്യലഹരിയിൽ യുവാക്കൾ ചേരിതിരിഞ്ഞ് സംഘ‌ർഷമുണ്ടായ സ്ഥലത്തെത്തിയ പൊലീസിനുനേരെ അക്രമം. ഫോർട്ട് സി.ഐ രാകേഷിനും പൊലീസുകാരായ ഗിരീഷ്, രാകേഷ് എന്നിവർക്കും പരിക്കേറ്റു. ഇന്നലെ പുലർച്ചെ ഒന്നരയോടെ കുര്യാത്തിക്ക് സമീപം എം.എസ്.കെ നഗറിൽ ആറ്റുകാൽ പൊങ്കാല ഉത്സവത്തിന്റെ ഘോഷയാത്ര കടന്നുവരുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. ഘോഷയാത്രയോടനുബന്ധിച്ച് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു. ഇതിനിടെയാണ് യുവാക്കൾ തമ്മിൽ സംഘ‌ർഷമുണ്ടായ വിവരം ലഭിച്ചത്. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പൊലീസ് യുവാക്കളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഘത്തിലെ ചിലർ പൊലീസിനെ ആക്രമിച്ചത്. വിവരമറി‌ഞ്ഞ് കൺട്രോൾ റൂമിൽ നിന്നും ഫോർട്ട് പൊലീസ് സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസുകാരെത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടിരുന്നു. തലയ്ക്കടിയേറ്റ സി.ഐയെയും പൊലീസുകാരെയും ഫോർട്ട് ആശുപത്രിയിലേക്ക് മാറ്റി. സംഭവശേഷം കനത്ത പൊലീസ് സുരക്ഷയിലാണ് ഘോഷയാത്ര കടന്നുപോയത്. മുറിവ് തുന്നിക്കെട്ടി നിരീക്ഷണത്തിലായിരുന്ന സി.ഐയെയും പൊലീസുകാരെയും ഇന്നലെ ഉച്ചയോടെ ഡിസ്ചാർജ് ചെയ്തു. ഡ്യൂട്ടി തടസപ്പെടുത്തിയതിനും പൊലീസുദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ചിലരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. പ്രതികൾക്കായി തെരച്ചിൽ നടത്തുകയാണെന്ന് ഫോർട്ട് പൊലീസ് വെളിപ്പെടുത്തി.