kseb

തിരുവനന്തപുരം: സംസ്ഥാന തല ടോൾഫ്രീ നമ്പറായ 1912 കൂടുതൽ വിപുലവും ജനകീയവുമാക്കാനൊരുങ്ങി കെ.എസ്.ഇ.ബി. വാതിൽപ്പടി സേവനം, ഒരേസമയം കൂടുതൽ കാളുകൾ സ്വീകരിക്കാൻ സംവിധാനം എന്നിവയാണ് ഒരുക്കുക.

നിലവിൽ അൻപത് കാളുകളാണ് ഒരേസമയം സ്വീകരിക്കുന്നത്. 1912ൽ വിളിച്ചാൽ ഉപയോക്താക്കൾ 11 അമർത്തിയശേഷം 13 അക്ക കൺസ്യൂമർ നമ്പർ ടൈപ്പ് ചെയ്യണം. ഇതിന് ശേഷമാണ് പരാതി അറിയിക്കേണ്ടത്.

വൈദ്യുതി മുടക്കം, വോൾട്ടേജ് ക്ഷാമം, ട്രാൻസ്ഫോർമർ പ്രശ്നം, വൈദ്യുതി ലൈൻ മാറ്റൽ,പോസ്റ്റ് മാറ്റൽ, മീറ്റർ പ്രശ്നങ്ങൾ, ബില്ലുമായി ബന്ധപ്പെട്ട പരാതി, വൈദ്യുതി അപകടം, ഒാൺലൈൻ പേയ്മെന്റ് പരാതിക എന്നിവയും ഇതിലൂടെ അറിയിച്ച് പരിഹാരങ്ങൾ തേടാം. 1912ൽ വിളിച്ചിട്ട് കിട്ടിയില്ലെങ്കിൽ 9496012400 എന്ന നമ്പറിൽ വിളിച്ച് പരാതി അറിയിക്കാം. കാൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ 9496001912 എന്ന നമ്പറിലേക്ക് കൺസ്യൂമർ നമ്പർ സഹിതം പരാതികൾ വാട്സ്ആപ്പ് ചെയ്താലും 1912ലെ സേവനങ്ങൾ ലഭ്യമാകും.

 പുതിയ കണക്‌ഷന് വാതിൽപ്പടി സേവനം

പുതിയ വൈദ്യുതി കണക്‌ഷന് ഇനി 1912ൽ വിളിച്ചാൽ വൈദ്യുതി വകുപ്പു ജീവനക്കാർ വീടുകളിലെത്തി നൽകുന്നതിനുള്ള നടപടികൾക്ക് തുടക്കമായി. വയറിംഗ് കഴിഞ്ഞ് 1912 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചു റജിസ്റ്റർ ചെയ്യണം.

തിരുവനന്തപുരം സെൻട്രൽ ഓഫിസിൽ നിന്നു വിവരങ്ങൾ അന്വേഷിക്കും. പിന്നീട് അതതു സെക്ഷൻ ഓഫിസ് പരിധിയിലേക്കു കൈമാറും. ഇതു ലഭിച്ചയുടൻ തന്നെ സെക്ഷൻ ഓഫിസിൽ നിന്ന് ഉപയോക്താവിന്റെ ഫോണിലേക്ക് തിരികെ വിളിച്ച് നിർദ്ദേശങ്ങൾ നൽകും. സിംഗിൾ ഫേസിന് ഓവർസീയറും ത്രീഫെയ്സിന് അസിസ്റ്റന്റ് എൻജിനിയറും സബ് എൻജിനിയറുമെത്തി രേഖകൾ പരിശോധിക്കും.

അവ സ്‌കാൻ ചെയ്ത് ഉദ്യോഗസ്ഥർ അപ്‌ലോഡ് ചെയ്യും. വൈദ്യുതി ബോർഡിലേക്കുള്ള തുക ഓൺലൈനായി അടയ്ക്കാം.