k-sudhakaran

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴത്തെ സാഹചര്യത്തിൽ സംഘടനാ തിരഞ്ഞെടുപ്പിനുള്ള സാദ്ധ്യത വളരെ കുറവെന്ന് വ്യക്തമാക്കി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ.സമവായത്തിലേക്ക് പോകാനാണ് സാദ്ധ്യതയെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറ‌ഞ്ഞു.

കഴിവും പ്രാപ്തിയുമുള്ള നേതാക്കൾ ഭാരവാഹികളായി വരും. എന്നാൽ ഇക്കാര്യത്തിൽ താൻ മാത്രമല്ല തീരുമാനമെടുക്കേണ്ടത്. സംഘടനാ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ അതിനെയും സ്വാഗതം ചെയ്യുമെന്ന് സുധാകരൻ വ്യക്തമാക്കി.സംഘടനാ തിരഞ്ഞെടുപ്പ് നടന്നാലും ഇല്ലെങ്കിലും പാർട്ടിയിൽ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള പുന:സംഘടന പൂർത്തിയാക്കും. അതിന് ഹൈക്കമാൻഡിന്റെ അനുമതിയുണ്ട്. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള അംഗത്വ വിതരണം അടുത്ത മാസം ഒന്ന് മുതൽ ആരംഭിക്കും. മാർച്ച് മാസത്തോടെ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി രൂപീകരണം പൂർത്തിയാക്കും.സംസ്ഥാന കോൺഗ്രസിലോ നേതൃതലത്തിലോ ഒരു പ്രശ്നവുമില്ല. എല്ലാ നേതാക്കളെയും ആദരിക്കുന്നവരാണ് തങ്ങളെല്ലാം. നേതാക്കൾക്കിടയിൽ ഒരു തർക്കവുമില്ല. നിയമസഭയിൽ ഗവർണർ നടത്തിയ പ്രസംഗത്തിൽ പറഞ്ഞതിൽ എന്തെങ്കിലുമൊരു നല്ല കാര്യം സർക്കാർ ചെയ്തതായി കാണുന്നില്ല. സർക്കാരിന് മംഗളപത്രമാണ് നൽകിയിരിക്കുന്നതെന്നും ധാകരൻ പറഞ്ഞു.

അതിനിടെ, കേരളത്തിൽ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതലയുള്ള മുൻ കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര ഇന്നലെ തിരുവനന്തപുരത്തെത്തി. ഇന്ന് അദ്ദേഹം വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. പരമേശ്വരയുടെ വരവ് പാർട്ടി പുന:സംഘടനയ്ക്ക് തടസ്സമല്ലെന്ന് കെ. സുധാകരൻ അറിയിച്ചു.