
നെയ്യാറ്റിൻകര: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നെയ്യാറ്റിൻകര സ്വദേശികളെ ഭക്ഷ്യവിഷബാധയെ തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തെ സ്വകാര്യ ഫാസ്റ്റ് ഫുഡ് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ചിറയിൻകീഴിൽ സ്വകാര്യ ആവശ്യത്തിന് പോയി മടങ്ങിവരവെയാണ് വ്യാഴാഴ്ച രാത്രി 9.30 ഓടെ നെയ്യാറ്റിൻകര സ്വദേശികളായ ഏഴുപേർ അടങ്ങുന്ന യുവാക്കളുടെ സംഘം ഭക്ഷണം കഴിച്ചത്. പൊറോട്ടയും റൊട്ടിയും ചിക്കനുമായിരുന്നു കഴിച്ചത്. ഭക്ഷണം കഴിച്ചശേഷം എല്ലാവരും വീടുകളിൽ പോയി. പിന്നീട് ഛർദി, വയറിളക്കം, വയറുവേദന എന്നിവയെ തുടർന്ന് മൂന്നുപേർ സ്വകാര്യ ആശുപത്രിയിലും നാലുപേർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും ചികിത്സ തേടി. ഇതിൽ രണ്ടുപേർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.