krail

സെമിനാറുകളിൽ ഇ. ശ്രീധരനെ പങ്കെടുപ്പിക്കും

തിരുവനന്തപുരം: ഡൽഹിയിലെ കർഷകസമരത്തിന് സമാനമായ രീതിയിൽ സംസ്ഥാനത്തെ കെ-റെയിൽ പദ്ധതിക്കെതിരെ കോൺഗ്രസ് മഹാപ്രക്ഷോഭം ആരംഭിക്കുമെന്ന് കെ.പി.സി.സി നിർവാഹക സമിതി യോഗത്തിന് ശേഷം പ്രസിഡന്റ് കെ. സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'കെ-റെയിൽ വേണ്ട, കേരളം മതി' എന്ന മുദ്രാവാക്യമുയർത്തി വീടുകൾ സന്ദർശിച്ച് പ്രചാരണം നടത്തും. സിൽവർലൈൻ സംബന്ധിച്ച് യു.ഡി.എഫ് തയ്യാറാക്കിയ വസ്തുതാവിവരണ ലഘുലേഖ വിതരണം ചെയ്യും. കെ-റെയിൽ വിരുദ്ധ സെമിനാറുകളിൽ മെട്രോമാൻ ഇ. ശ്രീധരൻ അടക്കമുള്ളവരെ പങ്കെടുപ്പിക്കും. കെ-റെയിൽ സംബന്ധിച്ച ഡി.സി.സിതല യോഗങ്ങൾ 25നകവും ബ്ലോക്ക് യോഗങ്ങൾ 28നകവും മണ്ഡലതല യോഗങ്ങൾ മാർച്ച് മൂന്നിനകവും പൂർത്തിയാക്കും. മാർച്ച് ഏഴിന് കളക്ടറേറ്റുകളിലേക്ക് മാർച്ച് നടക്കും.

തുടർന്നുള്ള ദിവസങ്ങളിൽ ജില്ലാതല കൺവെൻഷനുകൾ സംഘടിപ്പിക്കും. വിദഗ്ദ്ധരെ ഉൾപ്പെടുത്തിയുള്ള സെമിനാറുകൾ, ആയിരം പൊതുയോഗങ്ങൾ എന്നിവയുമുണ്ടാകും. ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള ഇടത് അനുകൂല സംഘടനകളെയും എൽ.ഡി.എഫ് ഘടകകക്ഷികളെയും ബോദ്ധ്യപ്പെടുത്താനാവാത്ത പദ്ധതിയാണിത്. പരിസ്ഥിതി ആഘാതം, സാമൂഹികാഘാതം, സാമ്പത്തികാഘാതം എന്നിവ കേരളത്തിന് താങ്ങാനാവുന്നതല്ല. കെ-റെയിൽ സർവേയെ കോൺഗ്രസ് എതിർക്കില്ല. സർവേ നടത്തി മാത്രമേ വിശദ പഠന റിപ്പോർട്ട് തയ്യാറാക്കാനാകൂ. എന്നാൽ, സർവേക്കല്ല് സ്ഥാപിക്കുന്ന നടപടിയെ എതിർക്കും. ബി.ജെ.പിയുടേത് ഇക്കാര്യത്തിൽ അഴകൊഴമ്പൻ നയമാണ്. കേന്ദ്രാനുമതി കൊടുക്കില്ലെന്ന് ഏതെങ്കിലും ബി.ജെ.പി നേതാവിന് പറയാനാകുമോയെന്നും സുധാകരൻ ചോദിച്ചു.