arrestilaya-prethijal

കല്ലമ്പലം: പള്ളിക്കലിൽ എം.ഡി.എം.എ, കഞ്ചാവ്, ഹാഷിഷ് തുടങ്ങി മാരക ലഹരിമരുന്നുകളുമായി ഗുണ്ടാസംഘം അറസ്റ്റിൽ. വടശ്ശേരിക്കോണം എസ്.എസ് നിവാസിൽ സതീഷ്‌ സാവൻ (39), നാവായിക്കുളം പൈവേലിക്കോണം അശ്വതിയിൽ ഹരിദേവ് (25), നാവായിക്കുളം ഊന്നൻപാറ ലക്ഷം വീട്ടിൽ വിജയകൃഷ്ണ ജോഷി (28), കുടവൂർ ഡീസന്റ്മുക്ക് ഷാൻ മൻസിലിൽ മുഹമ്മദ്‌ ഷാഹിൻ (30), ചെമ്മരുതി ഞെക്കാട് ബൈജു നിവാസിൽ പ്രിയേഷ് (19) എന്നിവരാണ് അറസ്റ്റിലായത്.

17 നാണ് ലഹരിമരുന്നുകളുമായി ഗുണ്ടാസംഘം പള്ളിക്കൽ പൊലീസിന്റെ പിടിയിലായത്.
എൻജിനിയറിംഗ് വിദ്യാർത്ഥികളെയും സ്കൂൾ കുട്ടികളെയും ലക്ഷ്യംവച്ച് വില്പന നടത്തുന്നതിനായിട്ടാണ് പ്രതികൾ ലഹരിമരുന്നുകൾ കൊണ്ടുവന്നത്. ഇവർ വിവിധ ജില്ലകളിൽ ക്രിമിനൽ കേസുകളിലെ പ്രതികളാണ്. വിദ്യാർത്ഥികളെ ലക്ഷ്യം വച്ച് ലഹരി മരുന്നുകൾ വില്പന നടത്തുന്നുവെന്ന രഹസ്യ വിവരം തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി നിശാന്തിനിക്ക് ലഭിച്ചതിനെ തുടർന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ.ദിവ്യാ വി.ഗോപിനാഥിന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി റാസിത്ത് വി.ടിയുടെ മേൽനോട്ടത്തിൽ വർക്കല ഡി.വൈ.എസ്.പി നിയാസ്.പിയുടെ നിയന്ത്രണത്തിൽ എല്ലാ പൊലീസ് സ്റ്റേഷൻ പരിധികളിലും മയക്കുമരുന്നിനെതിരെ സ്പെഷ്യൽ ഡ്രൈവ് നടന്നുവരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പള്ളിക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ എസ്.എച്ച്.ഒ ശ്രീജിത്ത്.പിയുടെ നേതൃത്വത്തിൽ എസ്.ഐ സഹിൽ.എം, എ.എസ്.ഐ അനിൽകുമാർ, സി.പി.ഒമാരായ ഷമീർ, അജീസ്, സ്തുജിത്, ബിജുമോൻ എന്നിവരടങ്ങുന്ന സംഘം നടത്തിയ റെയ്ഡിലാണ് മാരക ലഹരിമരുന്നുകളുമായി ഗുണ്ടാ സംഘം പിടിയിലായത്. കഴിഞ്ഞ ആഴ്ച പള്ളിക്കലിൽ 2 കിലോ കഞ്ചാവുമായി രണ്ട് എൻജിനിയർ വിദ്യാർത്ഥികളും പിടിയിലായിരുന്നു. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്

16 ഗ്രാം എം.ഡി.എം.എ, 250 ഗ്രാം കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ ഇവരിൽ നിന്ന് പിടിച്ചെടുത്തു. 10 ഗ്രാമിന് മുകളിൽ എം.ഡി.എം.എ വ്യാവസായിക അടിസ്ഥാനത്തിലുള്ള അളവാണെന്നും പിടിച്ചെടുത്ത 16 ഗ്രാം വലിയതോതിലുള്ള അളവാണെന്നും ഇതിന് വിപണിയിൽ 30 ലക്ഷത്തോളം രൂപ വില വരുമെന്നും പൊലീസ് പറഞ്ഞു. എം.ഡി.എം.എയുടെ ചെറിയ തരികളടങ്ങുന്ന പായ്ക്കറ്റിന്‍ 5000 മുതൽ 10000 രൂപവരെ പ്രതികൾ ഈടാക്കിയിരുന്നു. പ്രതികളിൽ നിന്ന് ഇവ തൂക്കുന്നതിനുള്ള ഡിജിറ്റൽ ത്രാസ്, ചെറിയ പോളിത്തീൻ കവറുകൾ, 30000 രൂപ, രണ്ട് വാഹനങ്ങൾ എന്നിവ കണ്ടെടുത്തു.

പ്രതികൾ കൊടുംകുറ്റവാളികൾ

സിമ്പിൾ എന്ന് വിളിക്കുന്ന സതീഷ്‌ സാവൻ ചിറയിൻകീഴ്‌ കൊലപാതകമുൾപ്പെടെ കല്ലമ്പലം, അയിരൂർ, കഠിനംകുളം, തമ്പാനൂർ, പേട്ട, ആറ്റിങ്ങൽ, കടയ്ക്കാവൂർ, വെഞ്ഞാറമൂട്, ചിറയിൻകീഴ്‌, വർക്കല, പൊഴിയൂർ, ചേർത്തല തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ വധശ്രമം, പിടിച്ചുപറി, മോഷണം, ചാരായ വില്പന തുടങ്ങി 25 ഓളം കേസുകളിൽ പ്രതിയാണ്.

ഹരിദേവിന് നെയ്യാർ ഡാം, കല്ലമ്പലം, പരവൂർ, വർക്കല സ്റ്റേഷൻ പരിധികളിൽ കഞ്ചാവ് വില്പന, അടിപിടി തുടങ്ങിയ നിരവധി കേസുകളുണ്ട്. മുഹമ്മദ്‌ ഷാഹിൻ കല്ലമ്പലം സ്റ്റേഷനിൽ മോഷണം, വധശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണ്. വിജയകൃഷ്ണൻ ജോഷിക്ക് വർക്കല, കല്ലമ്പലം സ്റ്റേഷനുകളിൽ വധശ്രമക്കേസുകളുണ്ട്. ഹരിദേവും സതീഷ്‌ സാവനും കല്ലമ്പലം സ്റ്റേഷനിൽ കൊലപാതകശ്രമക്കേസിൽ ഒളിവിലായിരുന്നു. സതീഷ്‌ സാവൻ ഗുണ്ടാ ആക്ട് പ്രകാരം നടപടി നേരിടുന്ന ആളാണ്‌.