cpm

തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോർട്ടിന്റെ കരടിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകി. രണ്ട് ദിവസമായി നടന്ന ചർച്ചയ്ക്കൊടുവിലാണ് അംഗീകാരം. ഇന്നും നാളെയും ചേരുന്ന സംസ്ഥാനസമിതി ഇതിന്മേൽ ചർച്ച നടത്തിയാവും അന്തിമമായി അംഗീകരിക്കുക.

പാർട്ടിയിൽ സംസ്ഥാനതലത്തിൽ വിഭാഗീയതയില്ലാതായെങ്കിലും പ്രാദേശികമായി വിഭാഗീയതയുടെ ഒറ്റപ്പെട്ട തുരുത്തുകൾ ഉണ്ടാകുന്നുണ്ടെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നതായാണ് സൂചന. വ്യക്തികേന്ദ്രീകൃതമായ വിഭാഗീയതയുടെ വ്യതിയാനം പാർട്ടിയിലുണ്ടാകുന്നു. ഇത് തിരുത്തപ്പെടണം.

ഇതിന് പുറമേ സംസ്ഥാനസർക്കാരിന്റെ പ്രവർത്തനങ്ങളും സർക്കാർ അധികാരത്തിലിരിക്കുമ്പോൾ പാർട്ടി പ്രവർത്തകർ ഏറ്റെടുക്കേണ്ട കടമകൾ സംബന്ധിച്ചുമുള്ള മറ്റൊരു രേഖ കൂടി അംഗീകരിച്ചിട്ടുണ്ട്. നേരത്തേ പാർട്ടി അംഗീകരിച്ച റിപ്പോർട്ടാണ് ചെറിയ മാറ്റങ്ങളോടെ വീണ്ടും കൊണ്ടുവന്നത്. ഇതും സംഘടനാ റിപ്പോർട്ടിന്റെ ഭാഗമാക്കും.

മാർച്ച് ഒന്ന് മുതൽ നാല് വരെയാണ് എറണാകുളം മറൈൻ ഡ്രൈവിൽ സംസ്ഥാനസമ്മേളനം നടക്കുന്നത്.