നെയ്യാറ്റിൻകര: പാറശാല സ്വദേശിയായ 14 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ അച്ഛനെയും കൂട്ടുകാരനുമെതിരെ പൊലീസ് കേസെടുത്തു. കൂട്ടുകാരനായ യുവാവിനെ അറസ്റ്റ് ചെയ്തു. അരുവിപ്പുറം ഇരുമ്പിൽ കുഴിമണലി വീട്ടിൽ ബിജുവാണ് (39) അറസ്റ്റിലായത്. മേസ്തിരി പണിക്കാരാണ് ഇരുവരും. ഇരുവീട്ടുകാരും നല്ല സൗഹൃദത്തിലായിരുന്നു.

മാസങ്ങൾക്ക് മുൻപ് കുട്ടിയുടെ മാതാപിതാക്കൾ തമ്മിലുള്ള വഴക്കിനെ തുടർന്ന് കുട്ടിയും അമ്മയും കുറച്ച് ദിവസം ബിജുവിന്റെ വീട്ടിൽ താമസിക്കാനെത്തിയിരുന്നു.

ഈ സമയത്ത് അച്ഛൻ പീഡിപ്പിച്ച വിവരം കുട്ടി ബിജുവിനെ അറിയിച്ചു. തുടർന്നാണ് ഇയാളും കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് വീട്ടിലെ പ്രശ്നങ്ങളെ തുടർന്ന് അമ്മ കുട്ടിയെ ചൈൽഡ് വെൽഫെയ‌ർ സെന്ററിലേക്ക് മാറ്റുകയായിരുന്നു. ചൈൽഡ് ലൈൻ അധികൃതരോടാണ് അച്ഛനും കൂട്ടുകാരനും പീഡിപ്പിച്ച വിവരം കുട്ടി അറിയിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ പാറശാല പൊലീസിൽ വിവരം അറിയിച്ചു. പാറശാല പൊലീസ് ഇരുവർക്കുമെതിരെ കേസ് ഫയൽ ചെയ്ത് നെയ്യാറ്റിൻകര പൊലീസിന് കൈമാറി. നെയ്യാറ്റിൻകര ഡി.വൈ.എസ്.പി, സി.ഐ എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതി ബിജുവിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുട്ടിയുടെ അച്ഛൻ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പാറശാല പൊലീസ് അറിയിച്ചു.