crime

കഴക്കൂട്ടം: കൃഷി വകുപ്പിന്റെ കീഴിൽ വെട്ടുറോഡ് പ്രവർത്തിക്കുന്ന പ്രാദേശിക പരിശീലന കേന്ദ്രത്തിൽ മോഷണം. കഴിഞ്ഞ രാത്രിയിലാണ് മോഷണം നടന്നത്. ഓഫീസും ട്രെയിനിംഗ് സെന്ററും കൂടി പ്രവർത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിന്റെ പൂട്ട് പൊളിച്ചു കയറിയ മോഷ്‌ടാവ് അവിടെ നിന്ന് ഒരു ലാപ്‌ടോപും ഹോസ്​റ്റൽ കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന ഒരു എൽ.ഇ.ഡി ടി.വിയും മോഷ്‌ടിച്ചു. അലമാരകളിലുണ്ടായിരുന്ന ഫയലുകൾ വാരിവലിച്ചിട്ട നിലയിലാണ്. ഇന്നലെ രാവിലെ സെന്ററിലെ ഡെപ്യൂട്ടി ഡയറക്ടർ എം.എസ്. ശ്രീദേവി എത്തുമ്പോഴാണ് ഓഫിസിന്റെയും ഹോസ്​റ്റൽ കെട്ടിടത്തിന്റെയും വാതിലുകൾ തുറന്ന നിലയിൽ കണ്ടത്. പരിശോധിക്കുമ്പോൾ ഓഫീസിലെ ലാപ്‌ടോപ് കാണാനില്ലായിരുന്നു. ഓഫീസിലെ മേശയിൽ ഉണ്ടായിരുന്ന താക്കോലെടുത്ത് എല്ലാ അലമാരകളും തുറന്ന നിലയിലായിരുന്നു. വിരലടയാള വിദഗ്‌ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. പൊലീസ് നായ, ഓഫീസ് പരിസരത്ത് നിന്ന് റോഡിന് എതിർവശത്തുള്ള വഴിയിലൂടെ 200 മീ​റ്റർ പോയശേഷം ഒരു ഒഴിഞ്ഞ പുരയിടത്തിൽ നിന്നു. സെന്ററിൽ സി.സിടിവി കാമറകൾ സ്ഥാപിച്ചിട്ടില്ല. പ്രദേശത്തെ സി.സി ടി.വി കാമറകൾ പൊലീസ് പരിശോധിക്കുന്നുണ്ട്.