jithu

തിരുവനന്തപുരം: തിരുവല്ലം പനത്തുറ ക്ഷേത്ര ഉത്സവത്തിനിടെ യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. വെള്ളാർ കൈതവിള കോളനിയിൽ ജിത്തുലാൽ (22), കോവളം സ്വദേശി അനിക്കുട്ടൻ (22) എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തത്.

പൂങ്കുളം സ്വദേശിയായ ഉണ്ണി ശങ്കറിനെ ഉത്സവ പറമ്പിൽ വച്ച് പ്രതികൾ ക്രിക്കറ്റ് സ്റ്റമ്പ് കൊണ്ട് അടിച്ചു പരിക്കേല്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഉത്സവത്തിനിടെ പ്രതികൾ കഞ്ചാവ് വില്പന നടത്തുന്നതും ഉപയോഗിക്കുന്നതും വിലക്കിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. പ്രതികളിൽ ജിത്തുലാൽ തിരുവല്ലം, കോവളം സ്റ്റേഷനുകളിലെ 5 അടിപിടി കേസുകളിൽ പ്രതിയാണ്. അനിക്കുട്ടന്, ബിവറേജ് ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ച കേസ് ഉൾപ്പെടെ തിരുവല്ലം, കോവളം, മെഡിക്കൽ കോളേജ്, ആറ്റിങ്ങൽ എന്നീ പൊലീസ് സ്റ്റേഷനുകളിലായി 10 കേസുകൾ നിലവിലുണ്ട്. ഒളിവിലായിരുന്ന പ്രതികളെ തിരുവല്ലം എസ്.എച്ച്.ഒ സുരേഷ്.വി.നായരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.