
പാറശാല: ധനുവച്ചപുരത്ത് വീണ്ടും വീടിന് നേരെ ഗുണ്ടാ ആക്രമണം. ധനുവച്ചപുരം എസ്.ബി.ഐ ബാങ്കിന് സമീപം താമസിക്കുന്ന സുധിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇയാളുടെ വീട്ടിലേക്കുള്ള വഴി കഴിഞ്ഞ ദിവസം ഒരു സംഘം ആളുകൾ ചേർന്ന് കെട്ടിയടച്ചതിനെ തുടർന്ന് ആ വിവരം പൊലീസിനെ അറിയിക്കുകയും പാറശാല പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയും ചെയ്തു. പൊലീസെത്തി പരിശോധിച്ചതിന് പിന്നാലെ വീണ്ടും പത്തോളം ഗുണ്ടകളെത്തി സുധിന്റെ വീടിന്റെ ജനാലയുടെ ചില്ലുകൾ എറിഞ്ഞ് തകർക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ധനുവച്ചപുരം പ്രദേശങ്ങളിൽ വീട് കയറി ആക്രമണം തുടർക്കഥയാണ്.