വിതുര: മദ്യലഹരിയിൽ ആദിവാസിയായ ഗൃഹനാഥനെ ക്രൂരമായി മർദ്ദിച്ചവശനാക്കിയശേഷം ഒളിവിൽ പോയ മൂന്നംഗസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പേപ്പാറ പൊടിയക്കാല ആദിവാസി ഉൗരിൽ ബാബു കാണിക്കാണ് (45) മർദ്ദനമേറ്റത്.
പൊടിയക്കാല സ്വദേശികളായ ആർ. രാജീവ് (21), ജെ.അരവിന്ദ് (24), എ.നിഥിൻ (23) എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 15ന് രാത്രിയിലാണ് സംഭവം. പൊടിയക്കാല സ്വദേശിയായ അശോകൻ എന്നയാളെ അശോകന്റെ മകന്റെ കൂട്ടുകാരനായ രാജീവ് മർദ്ദിക്കുന്നത് കണ്ട് പിടിച്ചുമാറ്റാൻ ചെന്ന ബാബുകാണിയെ മൂവരും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായാണ് പരാതി. സംഭവത്തിന് ശേഷം ഒളിവിൽപോയ മൂന്ന് പേരേയും കഴിഞ്ഞ ദിവസം വൈകിട്ട് വിതുര എസ്.ഐമാരായ എസ്.എൽ.സുധീഷ്,സതികുമാർ, എ.എസ്.ഐ സുരേന്ദ്രൻ,സി.പി.ഒ ജസീൽ എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.