cartoon

പോരായ്മകൾ പലതാണെങ്കിലും രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ വൈദ്യുതി വാങ്ങുന്നത് കേരളമാണ്. 3.49രൂപയ്ക്ക്. വിൽക്കുന്നതാകട്ടെ 6.21രൂപയ്ക്ക്. ഇതുരണ്ടും ശരാശരി നിരക്കാണ്. ഇങ്ങനെ നോക്കിയാൽ സംസ്ഥാനത്തെ വൈദ്യുതിബോർഡ് ലാഭത്തിലാകേണ്ടതാണ്. യൂണിറ്റിൽ ലാഭം 2.72 രൂപ. പക്ഷേ പാരയാകുന്നത് ഭീമമായ വിതരണ ചെലവാണ്. യൂണിറ്റിന് 2.85രൂപ. ദേശീയതലത്തിൽ ഇത് 1.68 രൂപ മാത്രമാണ്. അപ്പോൾ നമ്മുടെ പ്രവർത്തനനഷ്ടം യൂണിറ്റിന് 13 പൈസ. രാജ്യത്ത് കൂടുതൽ ജീവനക്കാരുള്ള സംസ്ഥാനവും കേരളമാണ്. 33000 ജീവനക്കാരാണുള്ളത്. റെഗുലേറ്ററി കമ്മിഷൻ എങ്ങനെയെല്ലാം കൂട്ടിയും കിഴിച്ചും നോക്കിയിട്ടും 27000 ജീവനക്കാർ മതി. അതുകൊണ്ട് ആറായിരം പേരുടെ ശമ്പളചെലവ്, പ്രവർത്തനചെലവിലും അതിനെ അടിസ്ഥാനമാക്കിയുളള യൂണിറ്റ് വൈദ്യുതി നിരക്കിലും നിന്ന് കുറയ്ക്കേണ്ടിവരും. പെൻഷൻ ബാദ്ധ്യത ഒഴിവാക്കാൻ 2013 ൽ പെൻഷൻഫണ്ട് രൂപീകരിച്ച് ധാരണ ഒപ്പുവെച്ചിട്ടുണ്ട്. അന്ന് 8000 കോടിയായിരുന്നു അതിലേക്ക് മാറ്റേണ്ടിയിരുന്നത്. പലകാരണങ്ങളാൽ അത് നടക്കാതെ വന്നതോടെ ബാദ്ധ്യത പെരുകി 19000 കോടിയിലെത്തി. റെഗുലേറ്ററി കമ്മിഷന്റെ ഏറ്റവും പുതിയ കണക്കിൽ അത് 21000 കോടിയാണ്. അതിന് പുറമേയാണ് സ്ഥാപനത്തിനകത്ത് നടത്തുന്ന അഴിമതിയും കെടുകാര്യസ്ഥതയും. സ്ഥാപനം നഷ്ടത്തിലേക്ക് പോകുമ്പോൾ ശമ്പളപരിഷ്‌കരണം സൂക്ഷിച്ച് വേണമെന്ന സർക്കാർ നിർദ്ദേശം പോലും പാലിക്കപ്പെടുന്നില്ല.

കേഡർ സംവിധാനത്തിൽ ശമ്പളം വർദ്ധിപ്പിച്ച് ബാദ്ധ്യത കൂട്ടുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശവും അവഗണിച്ചായിരുന്നു വേതനപരിഷ്‌കരണം. അത് മറച്ചുവെയ്ക്കാനാണ് സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ രണ്ടുതവണയും ശമ്പളം പരിഷ്‌കരിച്ചത്. ഇക്കാര്യം സി.എ.ജി.ഒാഡിറ്റിൽ കണ്ടുപിടിച്ചതോടെ കുരുക്കിലുമായി. ഫിനാൻസ് ഡയറക്ടറും ചെയർമാനും ഒരേ വ്യക്തിയായിരിക്കെയാണ് ഇതെല്ലാം നടന്നതെന്നോർക്കണം. മുൻ സി.എ.ജി. ഒാഫീസറായിരുന്നിട്ടും അദ്ദേഹത്തിന് ഇതൊന്നും തടയാനായില്ല.

വിരമിച്ചിട്ടും പടിയിറങ്ങാത്ത

ചീഫ് എൻജിനിയർമാർ

ചീഫ് എൻജിനിയറുടെ ശമ്പളം 166400 രൂപ, വിരമിച്ചാൽ പെൻഷൻ 83200 രൂപ. പക്ഷേ ഭരണപക്ഷാനുകൂല സംഘടനയ്ക്ക് പ്രിയപ്പെട്ടവനെങ്കിൽ അദ്ദേഹം വിരമിക്കേണ്ടിവരില്ല. പകരം അവരെ കെ.എസ്.ഇ.ബി.യുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഡയറക്ടർമാരാക്കും. അവർക്ക് പെൻഷൻ കിട്ടുന്നയത്രയോ,അതിലുമേറെയോ അധിക ആനുകൂല്യമായി നൽകും. സ്ഥാപനത്തിലെ ധൂർത്തിന് ഇതൊരു വ്യത്യസ്ത മാതൃക!.നഷ്ടത്തിൽ പോയിക്കൊണ്ടിരിക്കുകയും നികത്താൻ ജനങ്ങളുടെ മേൽ നിരക്ക് വർദ്ധന അടിച്ചേൽപ്പിക്കുകയും ചെയ്യാനൊരുങ്ങുന്ന സ്ഥാപനത്തിലാണിത് നടക്കുന്നത്.റിന്യൂവൽ പവർ കോർപറേഷൻ,കെ-ഫോൺ, യുണൈറ്റഡ് ഇലക്ട്രിക് കോർപറേഷൻ, ട്രാക്കോ കേബിൾസ് ലിമിറ്റഡ്, റൂറൽ ഇലക്ട്രിക് കോർപറേഷൻ, പവർ ഫിനാൻസ് കോർപറേഷൻ തുടങ്ങി ഇത്തരത്തിൽ എത്രയോ സ്ഥാപനങ്ങളിൽ വിരമിച്ച കെ.എസ്.ഇ.ബി.ചീഫ് എൻജിനിയർ ഡയറക്ടറായിരുന്ന് ആനുകൂല്യങ്ങൾ പറ്റികൊണ്ടിരിക്കുകയാണത്രേ. എന്തിനേറെ പ്രവർത്തനത്തിലില്ലാത്ത ഒഡിഷയിലെ വൈതരണി കോർപറേഷൻ താപനിലയവുമായി ബന്ധപ്പെട്ട സ്ഥാപനത്തിൽ വരെയുണ്ട് ഇത്തരക്കാർ.

കൈവിട്ടുപോയ സോളാർപാർക്ക്

കാസർകോഡ് പൈവെളിഗെയിൽ സോളാർ പാർക്ക് സ്ഥാപിക്കാൻ കേന്ദ്രാനുമതി നേടിയെടുത്തത് മുൻ യു.ഡി.എഫ്.സർക്കാർ. 1083 ഏക്കറിൽ 200 മെഗാവാട്ട് സോളാർ പാർക്ക്. ചെലവ് എണ്ണൂറ് കോടി രൂപ അതിൽ 200കോടി കേന്ദ്രസബ്സിഡി. പക്ഷേ ഭൂമി ഏറ്റെടുത്തതിന് ശേഷം ഇടതുപാർട്ടികളും സർക്കാരുമിടപെട്ട് അത് വകമാറ്റി. അവിടെ ഐ.ടി.ഐ.യും ആശുപത്രിയും ഹൗസിംഗ് കോളനിയുമെല്ലാം വന്നു. സോളാർ പദ്ധതി 50മെഗാവാട്ടിലേക്ക് ചുരുങ്ങി. ചെലവ് 270 കോടി മാത്രം. 200 മെഗാവാട്ട് എന്ന കേന്ദ്രത്തിന് നൽകിയ വാഗ്ദാനം പാലിക്കാൻ പുരപ്പുറ സോളാർ പദ്ധതിയും ആവിഷ്ക്കരിച്ചു. അത് എങ്ങുമെത്തിയതുമില്ല. നഷ്ടംമാത്രം. ഹരിതോർജ്ജ ബാദ്ധ്യത തീർക്കാത്തതിന്റെ പേരിൽ പുറമേനിന്ന് ഹരിതവൈദ്യുതി പ്രത്യേകം കരാറുണ്ടാക്കി വാങ്ങേണ്ട സ്ഥിതിയുമുണ്ടായി. ആ നിലയ്ക്കും നഷ്ടം.

"ഹൈഡൽ ടൂറിസം"

തട്ടിപ്പിന്റെ പുതിയ പേര്

ഹൈഡൽ ടൂറിസത്തിന്റെ പേരിൽ കെ.എസ്.ഇ.ബി.യുടെ ആസ്തികൾ ഉപയോഗിയ്ക്കാനും തട്ടിയെടുക്കാനും പാർട്ടിക്കാരെയും അനുഭാവികളെയും വച്ച് ഒരു സഹകരണസംഘം രൂപീകരിക്കുക. അതിനുശേഷം കണ്ണായ ആസ്തികൾ ഇഷ്ടംപോലെ ഏറ്റെടുക്കാൻ സംഘം സ്വയം തീരുമാനിക്കുക. കെ.എസ്.ഇ.ബി.യുടേയോ സർക്കാരിന്റെയോ നടപടിക്രമങ്ങൾ പാലിക്കാതെ ബന്ധപ്പെട്ട എൻജിനിയറെ ഭീഷണിപ്പെടുത്തി അവ കൈയ്യേറുക. നടപടിക്രമങ്ങൾ അനുസരിച്ച രേഖയോ ഉത്തരവോ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ പീഡിപ്പിക്കുകയോ സ്ഥലംമാറ്റുകയോ ചെയ്യുക. സഹകരണസംഘത്തിന്റെ വരവു ചെലവു കണക്കുകൾ കെ.എസ്.ഇ.ബി.ക്ക് നൽകുന്നില്ല, കെ.എസ്.ഇ.ബി.അത് റെഗുലേറ്ററി കമ്മിഷനും നൽകില്ല.

കെ.എസ്.ഇ.ബി.യുടെ ആസ്തി മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാൻ വൈദ്യുതനിയമം സെക്ഷൻ 17പ്രകാരം റഗുലേറ്ററി കമ്മിഷന്റെ അംഗീകാരം വാങ്ങണം. മാത്രമല്ല ലാഭത്തിന്റെ 10 ശതമാനം നിയമപ്രകാരം കെ.എസ്.ഇ.ബി.ക്ക് നൽകേണ്ടതുമാണ്. അതും കൊടുത്തിട്ടില്ല. അത് ക്രമക്കേടാണെന്ന് ആരെങ്കിലും പറഞ്ഞാൽ അതാണ് തെറ്റെന്ന ഭാവം.

പൊന്മുടി,ആനയിറങ്കൽ ,മൂന്നാർ - മാട്ടുപ്പെട്ടി, ചെങ്കുളം, കല്ലാർകുട്ടി, ബാണാസുരസാഗർ എന്നിവിടങ്ങളിലാണ് ടൂറിസം പദ്ധതികൾ തുടങ്ങാൻ കോ- ഓപ്പേറേറ്റീവ് , ചാരിറ്റബിൾ സൊസൈറ്റികൾക്കു മുൻസർക്കാരിന്റെ ഭരണകാലത്ത് കരാർ നൽകിയത്. സി.പി.എം നിയന്ത്രണത്തിലുള്ള സൊസൈറ്റികൾക്കാണ് ഈ കരാറുകൾ ലഭിച്ചത്. ഇവയിൽ പലതും കടലാസ് സൊസൈറ്റികളായിരുന്നു. ആനയിറങ്കലിൽ മൾട്ടി ഡയമൻഷണൽ തിയറ്റർ ആൻഡ് ഹൊറർ ഹൗസിനായി കരാർ നൽകിയത് ടെൻഡർ നടപടിക്ക് 16 ദിവസം മുൻപ് മാത്രം രൂപീകരിച്ച 'സ്പർശം' എന്ന തട്ടിക്കൂട്ട് ടൂറിസം ചാരിറ്റബിൾ സൊസൈറ്റിക്കാണ്. ആനയിറങ്കലിൽ ടൂറിസം പദ്ധതികൾ ആരംഭിക്കാൻ കെ.എസ്.ഇ.ബി തീരുമാനമെടുത്തതിനു ശേഷമാണ് പെരുമ്പാവൂരിലെ സി.പി.എം നേതാക്കളുടെ പേരിൽ ഈ സൊസൈറ്റി രജിസ്റ്റർ ചെയ്തത്.

'ഫുൾസ്റ്റോപ്പി'ന് മുമ്പ്

കെ.എസ്.ഇ.ബി.യുടെ താരിഫ് ജനങ്ങൾക്ക് മനസിലാക്കുന്ന തരത്തിലാക്കി കൂടെയെന്നാണ് റെഗുലേറ്ററി കമ്മിഷന്റെ താരിഫ് തെളിവെടുപ്പിൽ ഒരു ഉപഭോക്താവ് ചോദിച്ചത്. 300 യൂണിറ്റ് വരെ സ്ളാബ് നിരക്കിലാണ് ബിൽ, അതായത് ഒാരോ 50 യൂണിറ്റുകളും ഒാരോ സ്ളാബായി കണക്കാക്കി കുറഞ്ഞ നിരക്കിലായിരിക്കും ബിൽ തയ്യാറാക്കുക. എന്നാൽ ഉപഭോഗം ഒരു യൂണിറ്റ് കൂടി 301യൂണിറ്റായി പോയാൽ അത് ടെലിസ്കോപ്പിക്ക് രീതിയിലേക്ക് മാറും. പിന്നെ 301യൂണിറ്റിനും കൂടിയ നിരക്ക് നൽകേണ്ടിവരും. ഇതോടെ തുക 300 യൂണിറ്റിന്റെ ഇരട്ടിയോളമാകും. കൊവിഡ് കാലത്ത് ജനത്തെ ഞെട്ടിച്ച നിരക്ക് സൂത്രമാണിത്. പെട്ടികടക്കാരൻ കടയിൽ ഫ്രിഡ്ജ് വാങ്ങിവെച്ചാൽ പിന്നെ കൊമേഴ്സ്യൽ ഉപഭോക്താവാകും. അതോടെ നിരക്ക് കുത്തനെ കൂടും. ഇതും പരിഷ്ക‌രിക്കേണ്ടതല്ലേ.

നാളെ - നമ്മുടെ കെ.എസ്.ഇ.ബിയെ രക്ഷിക്കണം