വെഞ്ഞാറമൂട്: വിവാദങ്ങൾക്ക് ഇടയാക്കിയ വാമനപുരം - കല്ലറ - പാലോട് ചിറ്റാർ റോഡിന്റെ നിർമ്മാണം ഏറ്റെടുത്തിരുന്ന കരാറുകാരനെ ജോലിയിൽ നിന്ന് ഒഴിവാക്കി. മരാമത്ത് പണികളുടെ പുരോഗതി വിലയിരുത്തുന്നതിന് വേണ്ടി മന്ത്രി മുഹമ്മദ് റിയാസ് വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. വാമനപുരം മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതിയെക്കുറിച്ചും നിർമ്മാണത്തിൽ കരാറുകാരൻ നടത്തിവരുന്ന കാലതാമസത്തെ കുറിച്ചും ചർച്ച നടന്നു. കഴിഞ്ഞ സർക്കാരിന്റെ ബഡ്ജറ്റിൽ 31.7 കോടി രൂപ വകയിരുത്തി സ്വപ്ന പദ്ധതിയായി തുടങ്ങിയതാണ് വാമനപുരം - കല്ലറ - പാലോട് ചിറ്റാർ റോഡ്.
2017 ലാണ് നിർമ്മാണം ആരംഭിച്ചത്. അഞ്ചുവർഷം കഴിഞ്ഞിട്ടും പണി പൂർത്തിയായിട്ടില്ല. റോഡ് നിർമ്മാണത്തിന്റെ തുടക്കം മുതൽ ക്രമക്കേടുകളും കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച നൂറ് കണക്കിന് പരാതികളാണ് ഉന്നത ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നത്. തുടർന്ന് മൂന്ന് മാസം മുൻപ് മന്ത്രി നേരിട്ടെത്തി നിർമാണ പുരോഗതി വിലയിരുത്തിയിരുന്നു.എന്നിട്ടും നിർമ്മാണത്തിന് പുരോഗതിയുണ്ടായില്ല. ഇതേ തുടർന്നാണ് കരാറുകാരനെ ജോലിയിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചത്. പദ്ധതി ടെൻഡർ ചെയ്യാനും വെഞ്ഞാറമൂട് ഇന്നർ റിംഗ് റോഡ് നവീകരണം അടിയന്തരമായി പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായതായി ഡി.കെ. മുരളി എം.എൽ.എ അറിയിച്ചു.