
കിളിമാനൂർ: കാട്ടുപന്നികൾ വാഴകൃഷി നശിപ്പിച്ചു. പുല്ലയിൽ ആൽത്തറമൂട് അമ്പാടിയിൽ കൃഷ്ണ പിള്ളയുടെ പുരയിടത്തിൽ കൃഷി ചെയ്തിരുന്ന നൂറിലധികം വാഴത്തൈകളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്. ഒരാഴ്ച മുൻപ് കുന്നുമ്മൽ ദിവാകരന്റെ 150ഓളം വാഴകൾ നശിപ്പിച്ചിരുന്നു.
ഈ പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്. ഇത് കാരണം കർഷകർക്ക് കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. രാത്രിയിൽ പ്രദേശവാസികൾ പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമാണ്. നെൽപ്പാടങ്ങളുടെ വരമ്പുകൾ മുഴുവനും ഇവ തകർത്തു. മരച്ചീനി, വാഴ, ചേന, ചേമ്പ് തുടങ്ങിയ വിളകൾ കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. കാർഷിക വിളകൾ നശിപ്പിക്കപ്പെട്ടിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.