
അർബുദ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സംസ്ഥാനത്ത് സ്ത്രീകളിൽ അണ്ഡാശയ അർബുദവും പിടിമുറുക്കുന്ന സ്ഥിതിയാണിപ്പോൾ. രോഗലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധം ഇല്ലായ്മയാണ് വലിയൊരു ശതമാനം സ്ത്രീകൾ ഈ രോഗത്തിന് ഇരകളാകാൻ കാരണം. ഇത് ഡോക്ടർമാരെയും ആശങ്കപ്പെടുത്തുന്നു. അണ്ഡാശയ കാൻസറിന്റെ ലക്ഷണങ്ങളെ കുറിച്ചുള്ള ബോധവത്‌കരണം പ്രധാനമാണ്.
കൂടാതെ അണ്ഡാശയ കാൻസർ ഉണ്ടാകുന്നതിൽ പാരമ്പര്യവും ഒരു ഘടകമാണ്. കുടുംബത്തിൽ അടുത്ത ബന്ധുക്കൾക്ക് ആർക്കെങ്കിലും ഈ രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ അപകടസാദ്ധ്യത കൂടുതലാണ്. വേഗത്തിൽ കണ്ടെത്തിയാൽ ഫലപ്രദമായ ചികിത്സയിലൂടെ രോഗം ശമിപ്പിക്കാനും കഴിയും.
ജനിതകകാരണങ്ങൾ കൂടാതെ അമിതഭാരം അഥവാ പൊണ്ണത്തടി, കുട്ടികൾ ഇല്ലാത്തത്, നേരത്തേ തന്നെ ആർത്തവം ആരംഭിക്കുന്നത്, പുകവലി, മദ്യപാനം എന്നിവ അണ്ഡാശയ കാൻസർ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്. പ്രത്യേക രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ 75 ശതമാനം കേസുകളിലും അണ്ഡാശയ കാൻസർ രോഗം ശരീരത്തെ കീഴ്‌പ്പെടുത്തിയതിന് ശേഷമായിരിക്കും കണ്ടെത്താൻ കഴിയുന്നത്. ഇത് രോഗിയുടെ മൊത്തത്തിലുള്ള ചികിത്സയേയും ജീവിതനിലവാരത്തേയും ദോഷകരമായി ബാധിക്കും.
2016ലെ കണക്കുകൾ പ്രകാരം അണ്ഡാശയ അർബുദം ഉൾപ്പെടെ കേരളത്തിലെ ക്യാൻസർ ബാധിതരുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ വളരെ കൂടുതലാണ്. രാജ്യത്ത് കാൻസർ ബാധിതരുടെ കണക്ക് ഒരു ലക്ഷം ആളുകളിൽ 106.6 ആണെങ്കിൽ കേരളത്തിൽ ഇത് ഒരു ലക്ഷത്തിൽ 135.3 ആയിരുന്നു.
അണ്ഡാശയ കാൻസറിനെ 'നിശബ്ദ കൊലയാളി' എന്നാണ് വിശേഷിക്കുന്നത്. നേരത്തെ രോഗനിർണയം നടത്താൻ കഴിഞ്ഞാൽ രോഗിരക്ഷപ്പെടാനുള്ള സാദ്ധ്യത 80 ശതമാനം വരെയാണ്. എന്നാൽ രോഗലക്ഷണങ്ങളുടെ അഭാവവും രോഗത്തെ കുറിച്ചുള്ള അവബോധവും ഇല്ലാത്തതും കാരണം രോഗം മൂർച്ഛിച്ചതിന് ശേഷമായിരിക്കും പലപ്പോഴും കണ്ടെത്താൻ കഴിയുന്നത്. ഈ ഘട്ടത്തിൽ രോഗം ഭേദമാകാനുള്ള സാദ്ധ്യത 50 ശതമാനമായി ചുരുങ്ങും.
വികസിത രാജ്യങ്ങളിൽ ഗൈനക്കോളജിക്കൽ ട്യൂമറുകൾ കാരണം മരിക്കുന്നവരിൽ ഭൂരിപക്ഷം പേരും അണ്ഡാശയ കാൻസർ ബാധിച്ചവരാണ്. ഇവിടങ്ങളിൽ ഇത്തരം രോഗികളുടെ എണ്ണവും വർദ്ധിച്ച് വരുന്നു.
ഇന്ത്യയിൽ അണ്ഡാശയ കാൻസർ നേരത്തേ തന്നെ കണ്ടെത്തുന്നതിനായി പ്രത്യേക മാർഗരേഖ ഒന്നുംതന്നെ ഇല്ലെങ്കിലും 30 നും 35 നും ഇടയ്ക്കുള്ള പ്രായമുള്ള ഈ രോഗം വന്ന ചരിത്രമുള്ള വ്യക്തികളുടെ അടുത്ത ബന്ധുക്കൾക്ക് ട്രാൻസ് വാജിനൽ അൾട്രാ സൗണ്ടും ബയോമാർക്കറും ഉപയോഗിച്ച് പരിശോധന നടത്തുന്നത് ഫലപ്രദമാണ്.
കരുതണം ഈ ലക്ഷണങ്ങളെ
വയറുവേദന, ദഹനക്കേട്, വയറ്റിലെ അസ്വസ്ഥത, മലബന്ധം, യോനിയിൽ നിന്നുള്ള രക്തസ്രാവം, ശ്വാസതടസം, ക്ഷീണം, അസാമാന്യമായ ഭാരം കുറയൽ എന്നിവ ലക്ഷണങ്ങളാണ്. രോഗത്തിന്റെ മറ്റ് ലക്ഷണങ്ങൾ ഇടുപ്പിലും അടിവയറ്റിലുമുള്ള വേദന, വയറ് അസാമാന്യമായി പെരുകൽ എന്നിവയാണ്. രോഗം കൂടുന്ന അവസ്ഥയിൽ നിരന്തരമായ ഛർദ്ദിയും ഉണ്ടാകാറുണ്ട്.
പ്രാരംഭഘട്ടത്തിൽ കണ്ടെത്തിയാൽ 80ശതമാനം കേസുകളും ചികിത്സിച്ച് ഭേദമാക്കാം
രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാൽ 75 ശതമാനം പേരിലും രോഗം കണ്ടെത്തുന്നത് മൂർദ്ധന്യാവസ്ഥയിൽ
അടുത്ത കുടുംബാംഗങ്ങൾക്ക് അണ്ഡാശയ ക്യാൻസർ വന്നിട്ടുള്ളവരിൽ രോഗസാദ്ധ്യത കൂടുതൽ
30 - 35 നും ഇടയിലുള്ളവർ പരിശോധനയ്ക്ക് വിധേയരാകണം
ലേഖിക കൊച്ചി ലേക്‌ഷോർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിൽ കൺസൾട്ടന്റ് മെഡിക്കൽ ഓങ്കോളജിസ്റ്റാണ്