kk

ഒരു വ്യാഴവട്ടക്കാലത്തിലേറെ കാത്തിരിക്കേണ്ടിവന്നെങ്കിലും 56 നിരപരാധികളുടെ ജീവനെടുത്ത അഹമ്മദാബാദ് സ്ഫോടന പരമ്പര കേസിൽ പ്രത്യേക കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച വിധി അറിഞ്ഞോ അറിയാതെയോ തീവ്രവാദ പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ അട്ടിമറിക്കാൻ പാഴ്‌ശ്രമം നടത്തുന്ന ഇരുട്ടിന്റെ ശക്തികൾക്കുള്ള ശക്തമായ മുന്നറിയിപ്പു തന്നെയാണ്. വധശിക്ഷ വിധിക്കപ്പെട്ട 38 പേരിൽ മൂന്നു മലയാളി യുവാക്കളും ഉൾപ്പെടുന്നു എന്നതാണ് കേരള സമൂഹത്തെ ഉത്ക്കണ്ഠാകുലമാക്കുന്നത്. കേസിൽ മരണം വരെ ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട പതിനൊന്നു പ്രതികളിലുമുണ്ട് രണ്ടു മലയാളികൾ. 2008 ജൂലായ് 26നു അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളിലാണ് സ്ഫോടന പരമ്പര നടന്നത്. ഇന്ത്യൻ മുജാഹിദ്ദീൻ എന്ന തീവ്രവാദി സംഘടനയായിരുന്നു ഇതിനു പിന്നിൽ. സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം അവർ ഏറ്റെടുത്തിരുന്നു. ടിവി ചാനലുകളിലൂടെ മുന്നറിയിപ്പു നൽകിയശേഷമാണ് ബോംബുകൾ പൊട്ടിച്ചത്. ആശുപത്രികളിൽ വരെ സ്ഫോടനങ്ങൾ നടന്നു. എഴുപതു മിനിട്ടിനിടയിൽ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ഇരുപത്തൊന്ന് സ്ഫോടനങ്ങളാണ് നടന്നത്. 2002-ലെ അഹമ്മദാബാദ് കലാപങ്ങളിൽ ന്യൂനപക്ഷ വിഭാഗങ്ങൾ പരക്കെ വേട്ടയാടപ്പെട്ടതിനു പ്രതികാരമെന്നോണമാണ് നിരോധിത തീവ്രവാദി സംഘടന സ്ഫോടന പരമ്പര ആസൂത്രണം ചെയ്തതെന്ന് അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു.

അപൂർവങ്ങളിൽ അപൂർവമെന്നു വിശേഷിപ്പിക്കാവുന്ന കേസു തന്നെയാണിത്. നഗരഭാഗങ്ങളിൽ പരമാവധി പേരെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ ബോംബുകൾ നിക്ഷേപിച്ചിരുന്നത്. വിപുലമായ അന്വേഷങ്ങളിൽ 77 പേരാണ് അറസ്റ്റിലായത്. വിചാരണയ്ക്കൊടുവിൽ 28 പേരെ കോടതി കുറ്റവിമുക്തരാക്കുകയുണ്ടായി. ഒരാൾ നേരത്തെ മാപ്പുസാക്ഷിയായിരുന്നു. അഹമ്മദാബാദിനൊപ്പം സൂററ്റിലും സ്ഫോടനപരമ്പര സൃഷ്ടിക്കാൻ തീവ്രവാദികൾ പദ്ധതിയിട്ടിരുന്നു.

നിരപരാധികളുടെ ജീവൻ കൊയ്താൽ ലക്ഷ്യപ്രാപ്തി കൈവരിക്കാനാകുമെന്ന മൂഢചിന്ത പുലർത്തുന്ന തീവ്രവാദി സംഘടനകൾക്ക് പ്രത്യേക കോടതിയുടെ ഈ അപൂർവ വിധി മനഃപരിവർത്തനത്തിനുള്ള അവസരമോ പാഠമോ ആകുമെന്ന പ്രതീക്ഷയൊന്നും വേണ്ട. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള നിരവധി പേരും ഇത്തരത്തിലുള്ള തീവ്രവാദി സംഘടനകളിൽ എത്തിപ്പെടുന്നുണ്ടെന്നുള്ളതാണ് സമൂഹത്തിനും രാജ്യത്തിനും ഏറെ ഉത്‌കണ്ഠ പകരുന്നത്. പ്രത്യേക കോടതി വധശിക്ഷയ്ക്കു വിധിച്ച മലയാളികളായ ഷിബിലി, ശാദുലി എന്നിവർ സാങ്കേതിക മേഖലയിൽ ജോലി നോക്കിയിരുന്നവരാണ്. ഇരുവരും വാഗമൺ ആയുധ പരിശീലന ക്യാമ്പിൽ പങ്കെടുത്തതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട് ജയിൽവാസം അനുഭവിച്ചുവരികയാണ്. വധശിക്ഷ ലഭിച്ച മൂന്നാമത്തെ മലയാളി ഷറഫുദ്ദീൻ ഡ്രൈവറായിരിക്കെ വഴിതെറ്റി ഒടുവിൽ തീവ്രവാദത്തിലേക്കു തിരിഞ്ഞ ആളാണ്.

ഭീകരവാദികളും തീവ്രവാദികളും എപ്പോഴും ലക്ഷ്യം നേടാൻ കരുവാക്കുന്നത് നിരപരാധികളായ ജനങ്ങളെയാകും. ആൾക്കൂട്ടത്തെ ആക്രമിക്കുകയും അവരുടെ ജീവനെടുക്കുകയുമാണ് പ്രധാനമായും അവർ ചെയ്തുവരുന്നത്. ഭരണകൂടത്തെ പ്രഹരിക്കാനെന്ന വ്യാജേന സുരക്ഷാഭടന്മാരുമായി ഏറ്റുമുട്ടുക, നഗരങ്ങളിൽ ആളുകൾ കൂടുന്നിടത്ത് ബോംബ് സ്ഫോടനങ്ങൾ നടത്തുക തുടങ്ങിയ വിധ്വംസക പരിപാടികളിലൂടെ ജനങ്ങളിൽ പരമാവധി ഭീതി പടർത്താൻ അവർ ശ്രമിക്കാറുണ്ട്.

അഹമ്മദാബാദ് സ്ഫോടനക്കേസിലെ പ്രതികൾ നരേന്ദ്രമോദി, അമിത് ഷാ തുടങ്ങി ഉന്നത നേതാക്കളെയും ലക്ഷ്യമിട്ടിരുന്നതായ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആയുസിന്റെ ബലംകൊണ്ടും സുരക്ഷാസേനയുടെ ഇടപെടലുകൾ കൊണ്ടുമാണ് പലപ്പോഴും നേതാക്കൾ തീവ്രവാദികളിൽ നിന്നു രക്ഷപ്പെട്ടിട്ടുള്ളത്. വ്യവസ്ഥാപിതമായ സംവിധാനങ്ങൾ നിലനിൽക്കുന്ന ഒരു രാജ്യത്തിനും തീവ്രവാദവും ഭീകരവാദവും വച്ചുപൊറുപ്പിക്കാനാവില്ല. അവരെ വളരാൻ അനുവദിച്ചാൽ ഫലം എന്തായിരിക്കുമെന്നതിന് ഉദാഹരണങ്ങൾ തൊട്ട് അയലത്തു തന്നെയുണ്ട്. വഴിതെറ്റിപ്പോകുന്ന യുവാക്കളെ തടയാൻ സമൂഹത്തിനു കഴിയണം. അഹമ്മദാബാദ് സ്ഫോടനക്കേസ് വിധി ചോദ്യംചെയ്യപ്പെട്ടേക്കാം. അപ്പീൽ പോകുമെന്ന പ്രഖ്യാപനം വന്നുകഴിഞ്ഞു. ഇത്തരത്തിലൊരു വിധിയിലേക്കു നയിക്കാനിടയായ കേസിന്റെ പശ്ചാത്തലം എങ്ങനെ അവഗണിക്കാനാകും? സ്ഫോടനങ്ങളിൽ മരണമടഞ്ഞ 56 പേരുടെ കുടുംബങ്ങളോട് നീതി കാട്ടിയ വിധിയാണിതെന്നു നിസംശയം പറയാം.