s

തിരുവനന്തപുരം: ഒന്നു മുതൽ ഒൻപതുവരെ ക്ളാസുകളിലെ മുഴുവൻ കുട്ടികളും നാളെ രാവിലെ എത്തുന്നതോടെ കേരളത്തിലെ വിദ്യാലയങ്ങൾ പഴയപോലെ പ്രസരിപ്പിലേക്കും പഠനത്തിലേക്കും തിരിച്ചെത്തും. വൈകുന്നേരം വരെ ക്ലാസുകൾക്ക് പുറമേ, ശനി പ്രവൃത്തി ദിവസമാണെന്ന സവിശേഷതയുമുണ്ട്.

47 ലക്ഷം വിദ്യാർത്ഥികളാണ് ഒരേസമയം ക്ളാസുകളിലെത്തുന്നത്. കളിച്ചും ചിരിച്ചും നീങ്ങുന്ന വിദ്യാർത്ഥികളുടെ സാന്നിദ്ധ്യം കൊണ്ട് നിരത്തുകൾ സജീവമാവും. കൊവിഡ് വ്യാപനത്തെ തുടർന്ന് പൂർണമായി അടയ്ക്കുകയും പിന്നീട് ഭാഗികമായി തുറക്കുകയും ചെയ്ത സ്കൂളുകൾ 23 മാസങ്ങൾക്കു ശേഷമാണ് പൂർണതോതിൽ പ്രവർത്തിക്കുന്നത്.

പത്തും ഹയർ സെക്കൻഡറിയും നേരത്തേ പൂർണതാേതിലായിക്കഴിഞ്ഞു. മറ്റു ക്ളാസുകൾ ഇതുവരെ ഭാഗികമായിരുന്നു.

ഓൺലൈൻ അദ്ധ്യയനം നിർബന്ധമല്ലെങ്കിലും ഭിന്നശേഷിക്കാരടക്കം സ്‌കൂളിലെത്താൻ കഴിയാത്തവർക്കായി തുടരും. യൂണിഫോമും ഹാജരും നിർബന്ധമല്ല.

അദ്ധ്യയന വർഷം തീരാൻ ഒരു മാസവും ചില്ലറ ദിവസങ്ങളും മാത്രം ബാക്കിനിൽക്കേ, പാഠഭാഗങ്ങൾ തീർക്കാൻ കൊണ്ടുപിടിച്ച ശ്രമത്തിലാണ് അദ്ധ്യാപകർ. എസ്.എസ്.എൽ.സി, പ്ളസ് ടു ക്ലാസുകൾക്ക് ഈ മാസം 28ന് മുൻപായി പാഠഭാഗങ്ങൾ തീർക്കാനാണ് നിർദ്ദേശം. ഒന്ന് മുതൽ 9 വരെയുള്ള പാഠഭാഗങ്ങൾ മാർച്ചിൽ തീർത്ത് പരീക്ഷ ഏപ്രിലിൽ നടത്തും.പൊതുപരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ സംബന്ധിച്ച മാനദണ്ഡങ്ങളിൽ മാറ്റമില്ലെന്ന് മന്ത്രി വി.ശിവൻ കുട്ടി വ്യക്തമാക്കി.

എങ്കിലും കരുതലോടെ...

# ക്ളാസിൽ അടുത്തടുത്ത് ഇരിക്കാം. അകലം പാലിക്കുക പ്രായോഗികമല്ല

#സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം

# രോഗലക്ഷണമുള്ളവർ വരാൻ പാടില്ല, ശരീരോഷ്മാവ് സ്കൂളിൽ പരിശോധിക്കും

# പേനയും പെൻസിലും മറ്റും കൈമാറരുത്. മാസ്ക് നിർബന്ധം,

#ഉച്ചഭക്ഷണശേഷം ഉപയോഗിക്കാൻ ഒരു മാസ്ക് കൂടി കരുതിയാൽ നന്ന്

# ഉച്ചഭക്ഷണവേളയിൽ അകലം പാലിക്കണം. ഭക്ഷണം, പാനീയം പങ്കുവയ്ക്കരുത്

വിദ്യാലയങ്ങളിൽ ശുചീകരണം

വിദ്യാലയങ്ങൾ ശുചീകരിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ്.എം.വി ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ട‌ർ ജീവൻ ബാബു, ജില്ലാ കളക്ടർ നവജ്യോത് ഖോസ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്തൊട്ടാകെ സംഘടനകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ ശുചീകരണം പുരോഗമിക്കുകയാണ്.