mla

നെയ്യാറ്റിൻക: ഏറെ കാത്തിരിപ്പുകൾക്കും പരാതികൾക്കുമൊടുവിൽ നെയ്യാറ്റിൻകര കോടതി - പാലക്കടവ് - കണ്ണൻകുഴി - അമരവിള റോഡിന്റെ ടാറിംഗിന് ഇന്നലെ തുടക്കമായി. നേരത്തെ ഓട നിർമാണം, റോഡിന്റെ താഴ്ന്ന ഭാഗങ്ങൾ ഉയർത്തൽ എന്നിവ പൂർത്തിയായി 8 മാസത്തോളം കഴിഞ്ഞെങ്കിലും ടാറിംഗ് മാത്രം നീണ്ടുപോവുകയായിരുന്നു. ഇത് സംബന്ധിച്ച് പ്രദേശവാസികളടക്കമുള്ള യാത്രക്കാർക്കിടയിൽ വൻപ്രതിഷേധവും ഉണ്ടായി. കണ്ണൻകുഴി-രാമേശ്വരം - കോടതി റോഡ് നവീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി നെയ്യാറ്റിൻകര മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദിവസങ്ങൾക്ക് മുൻപ് പി.ഡബ്ല്യു.ഡി അസി.എക്സി. എൻജിനീയറെ ഉപരോധിച്ചിരുന്നു. നെയ്യാറ്റിൻകര കോടതി-രാമേശ്വരം-അമരവിള റോഡ് നവീകരണത്തോടനുബന്ധിച്ചുള്ള ടാറിംഗ് വൈകുന്നതിനെതിരെ കേരളകൗമുദി കഴിഞ്ഞ 7ന് വാർത്തയും പ്രസിദ്ധീകരിച്ചിരുന്നു. ടാറിംഗ് നടത്താത്തതിനാൽ റോഡിന്റെ ദുരിതാവസ്ഥയും റോഡിലെ സിമന്റും മെറ്റലും ഇളകിത്തെറിച്ചുള്ള പൊടിശല്യവും രൂക്ഷമായതിനെ തുടർന്നാണ് ബി.ജെ.പി ഉപരോധം നടത്തിയത്. വെള്ളറടയിലെ ടാർ മിക്സ് പ്ലാന്റിനെതിരെ പ്രദേശവാസികൾ നടത്തിയ സമരം കാരണമാണ് ടാറിംഗ് വൈകിയതെന്നും രണ്ടര കോടി രൂപ ചെലവിൽ ആധുനിക രീതിയിലാണ് റോഡ് നവീകരിക്കുന്നതെന്നും കെ. ആൻസലൻ എം.എൽ.എ പറഞ്ഞു. ബി.എം ആൻഡ് ബി.സി രീതിയിൽ ടാറിംഗ് പൂർത്തിയാകുന്നതോടെ ഈ റോഡ് ആധുനിക നിലവാരത്തിലേക്ക് ഉയരുമെന്നും സ്ഥലം സന്ദർശിച്ച എം.എൽ.എ വ്യക്തമാക്കി.