zoo

 പുതിയ മൃഗങ്ങളെത്തും
 കുട്ടികൾക്കായി മൃഗങ്ങളുടെ 3 ഡി, 2 ഡി ചിത്രങ്ങളും

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളിൽ അയവു വന്നതിന് പിന്നാലെ തിരുവനന്തപുരം മൃഗശാലയിൽ സന്ദർശകരുടെ തിരക്ക് വർദ്ധിച്ചു. കഴിഞ്ഞ ഒരാഴ്‌ചയ്ക്കുളളിൽ വരുമാനത്തിൽ വൻ വർദ്ധനയാണ് ഉണ്ടായതെന്ന് അധികൃതർ കേരളകൗമുദിയോട് പറഞ്ഞു. ഒമിക്രോൺ ഭീഷണി പൊട്ടിപ്പുറപ്പെട്ട ശേഷം മൃഗശാലയുടെ വരുമാനത്തിൽ ഇടിവ് സംഭവിച്ചിരുന്നു. സംസ്ഥാനത്ത് ഞായർ നിയന്ത്രണം നടപ്പാക്കിയിരുന്ന മൂന്ന് ഞായറാഴ്‌ചകളിലും മൃഗശാലയിലെ വരുമാനം മൂവായിരം രൂപയ്‌ക്കകത്തായിരുന്നു. എന്നാൽ നിയന്ത്രണം പിൻവലിച്ച ശേഷമുള്ള ആദ്യ ഞായറാഴ്ചയായ പതിമ്മൂന്നാം തീയതി വരുമാനം ഒന്നരലക്ഷം കവിഞ്ഞു. ഇന്നലെ തമിഴ്നാട്ടിൽ നിന്നടക്കം സന്ദർശകർ മൃഗശാലയിലയിലേക്കെത്തി. മ്യൂസിയം വളപ്പിലെ കെ.ടി.ഡി.സിയുടെ ഫുഡ് കോർട്ടിലടക്കം വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഒരിടവേളയ്‌ക്ക് ശേഷം മൃഗശാല കാണാനെത്തുന്ന കുടുംബങ്ങളുടെ എണ്ണവും കൂടിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള ഉല്ലാസ യാത്രയാണ് മൃഗശാലയുടെ പ്രധാന വരുമാന സ്രോതസ്. സ്‌കൂളുകളടക്കം പഴയ രീതിയിലാകുന്ന പശ്ചാത്തലത്തിൽ ഉല്ലാസയാത്രകളടക്കം പുനരാരംഭിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. വൈകാതെ പ്രതിദിന വരുമാനം രണ്ട് ലക്ഷത്തിന് മുകളിലേക്കുയരുമെന്നാണ് കരുതുന്നത്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഏഴുമാസത്തോളം മൃഗശാലയും മ്യൂസിയവും അടച്ചിട്ടിരുന്നു. ഇക്കാലയളവിൽ 6 കോടിയോളം രൂപയുടെ നഷ്‌ടമാണുണ്ടായത്.

ഒരാഴ്‌ചത്തെ വരുമാനം

ഫെബ്രുവരി 12 (ശനി) 1.21 ലക്ഷം

ഞായർ 1.54 ലക്ഷം

ചൊവ്വ 90,450

ബുധൻ 92,820

വ്യാഴം 90,520

വെളളി 89,340

 ഫെബ്രുവരി 19 (ശനി)​ 1.41 ലക്ഷം

 മൃഗങ്ങൾക്കും ക്വാറന്റൈൻ

മൃഗശാലയിൽ മൃഗങ്ങൾക്ക് വേണ്ടി ക്വാറന്റൈൻ വൈകാതെ ആരംഭിക്കും. ഇതിന്റെ നിർമ്മാണപ്രവർത്തനം അവസാനഘട്ടത്തിലാണ്. പുറത്തുനിന്നും മൃഗങ്ങളെ കൊണ്ടുവരുമ്പോൾ അവരെ ക്വാറന്റൈൻ സെന്ററിൽ പരിപാലിച്ച ശേഷം മാത്രമേ ഇനി മൃഗശാലയ്‌ക്കുള്ളിലേക്ക് പ്രവേശിപ്പിക്കുകയുളളൂ. രോഗാണുക്കളിൽ നിന്ന് മൃഗങ്ങളെ പൂർണമായും മുക്തമാക്കാൻ വേണ്ടിയാണ് ഈ സംവിധാനം. രണ്ടു കോടി രൂപയാണ് ക്വാറന്റൈൻ സെന്ററിന് വേണ്ടി ചെലവഴിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ മൃഗശാല ആയിരുന്നിട്ടും ഇതുവരെ ക്വാറന്റൈൻ സെന്റർ ഇല്ലാതിരുന്നത് വലിയ ന്യൂനതയായിരുന്നു.

 4 വ്യാഖ്യാന കേന്ദ്രങ്ങൾ

മൃഗശാലയ്‌ക്കുളളിലെ നാല് പോയിന്റുകളിലായി നാല് വ്യാഖ്യാന കേന്ദ്രങ്ങൾ വൈകാതെ പ്രവർത്തനം തുടങ്ങും. മൃഗശാലയിലുള്ള മൃഗങ്ങളുടെ പൂർണവിവരം വ്യാഖ്യാന കേന്ദ്രങ്ങൾ വഴി ലഭ്യമാക്കും. ടച്ച് ഇൻ സ്‌ക്രീൻ വഴിയാകും വിവരങ്ങൾ ലഭിക്കുക. കുട്ടികൾക്ക് വേണ്ടി മൃഗങ്ങളുടെ 3ഡി, 2ഡി ചിത്രങ്ങളും പ്രദർശിപ്പിക്കും. ഒരു കോടിയോളം രൂപയാണ് പദ്ധതിച്ചെലവ്.

 ഇഗ്വാനയും പന്നിക്കരടിയും വരുന്നു

ഹൈദരാബാദിലെ മൃഗശാലയിൽ നിന്ന് രണ്ട് വീതം ഇഗ്വാനകളും പന്നിക്കരടികളും അടുത്ത മാസത്തോടെ മൃഗശാലയിലേക്കെത്തും. കൊവിഡ് കാരണം കുറച്ചുകാലമായി മൃഗശാലയിൽ പുതിയ മൃഗങ്ങളൊന്നും എത്തിയിരുന്നില്ല. വരുംമാസങ്ങളിൽ കൂടുതൽ മൃഗങ്ങളെ ഇവിടേക്ക് എത്തിക്കാനാണ് നീക്കം.

 വേനൽക്കാലത്ത് പച്ചപ്പും പൂക്കളും നിറച്ച് മൃഗശാലയെ നയനമനോഹരമാക്കാനാണ് തീരുമാനം. അതിനായുളള നടപടികൾ പുരോഗമിക്കുകയാണ്. മൃഗശാലയെ കൂടുതൽ ജനസൗഹൃദമാക്കുകയാണ് ലക്ഷ്യം.

എസ്. അബു,​

മ്യൂസിയം-മൃഗശാല

ഡയറക്‌ടർ