j

കടയ്ക്കാവൂർ : കൊച്ചുപാലത്തിനു സമീപം കനാലിൽ മരിച്ചനിലയിൽക്കണ്ട മണികണ്ഠ (33)ന്റെ മരണം കൊലപാതകം. മണികണ്ഠന്റെ സുഹൃത്തും ഇടുക്കി രാജാക്കാട് സ്വദേശിയുമായ അജീഷി (28)നെ പൊലീസ് അറസ്റ്രുചെയ്തു. നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിനിടെ പൊലീസിന്റെ പിടിയിലാവുകയായിരുന്നു. ഇയാളെ നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു.

ആശാരിപ്പണിക്കാരനായ മണികണ്ഠൻ കഴിഞ്ഞ 15ന് ജോലികഴിഞ്ഞു വീട്ടിലെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ കടയ്ക്കാവൂർ പൊലീസിൽ പരാതി നൽകിയിരുന്നു. അന്വേഷണം നടക്കവെ 17ന് കടയ്ക്കാവൂർ കൊച്ചുപാലത്തിനു സമീപം മണികണ്ഠന്റെ ബൈക്ക് കണ്ടെത്തുകയായിരുന്നു. തുടർന്ന് മണികണ്ഠന്റെ ജഡം കനാലിൽ കണ്ടെത്തി. ഇതൊരു കൊലപാതകമാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. തുടർന്ന് സമീപ പ്രദേശങ്ങളിലെ സി. സി.ടി. വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റു ശാസ്ത്രീയ പരിശോധനയിലൂടെയും പൊലീസ് പ്രതിയെ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 15ന് വൈകുന്നേരം 7മണിയോടെ മണികണ്ഠനും പ്രതി അജീഷും മദ്യപിക്കാനായി കൊച്ചുപാലത്തിനു സമീപമുള്ള കുറ്റിക്കാട്ടിൽ എത്തിയിരുന്നു. മദ്യപാനത്തിനിടെ ,അജീഷ് ,മണികണ്ഠനെ സ്ത്രീവിഷയത്തിന്റെ പേരിൽ കളിയാക്കി. ഇതേതുടർന്ന് ഇരുവരും വാക്കുതർക്കവും അടിപിടിയുമുണ്ടാകുകയുംചെയ്തു.തുടർന്ന് അജീഷ് റെയിൽവേ ട്രാക്കിനു സമീപത്തു നിന്ന് കല്ലെടുത്തു മണികണ്ഠനെ ഇ‌ടിച്ചു ഗുരുതരമായി പരിക്കേൽപ്പിക്കുകയും കനാലിലെ ചെളിയിൽ ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തുകയുമായിരുന്നു. കൈക്ക് പരിക്കേറ്റ അജീഷ്, ഓട്ടോയിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തി ചികിത്സ തേടിയിരുന്നു. പ്രതി സഞ്ചരിച്ച ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരുവനന്തപുരം റൂറൽ എസ്. പി. ഡോ. വി. ദിവ്യാ ഗോപിനാഥിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു. വർക്കല ഡിവൈ.എസ്‌.പി നിയാസിന്റെ നേതൃത്വത്തിൽ കടയ്ക്കാവൂർ എസ്. എച്ച്. ഒ അജേഷ് .വി, എസ്. ഐ.മാരായ ദീപു എസ്. എസ്, നാസറുദ്ദീൻ,. എസ്. ഐമാരായ.മനോഹർ, മാഹിൻ, എസ്. ഐ. ശ്രീകുമാർ ,രാജീവ്,ഷാഫി, എസ്. സി. പി. ഒ ജ്യോതിഷ് കുമാർ.വി, വി. ബാലു, സി. പി. ഒ മാരായ ബിനു, ജിജു, അരുൺ, എന്നിവരടങ്ങുന്ന സംഘം പ്രതിയെ പിടികൂടുകയായിരുന്നു.