
കല്ലമ്പലം: പള്ളിക്കൽ പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തകരെ ആദരിച്ചു. ഇന്നലെ വൈകിട്ട് പള്ളിക്കൽ സുമിയാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വച്ച് കേരളകൗമുദിയും മോട്ടോ ഫോം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ടിച്ച ആശാ പ്രവർത്തകരെയും മറ്റ് വിശിഷ്ട വ്യക്തികളെയും ആദരിച്ചത്. അഡ്വ. വി. ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. വിക്രമൻ അദ്ധ്യക്ഷത വഹിച്ചു. സിനിമാതാരം ജോബി മുഖ്യാതിഥിയായി. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന മുഖ്യപ്രഭാഷണം നടത്തി. കേരളകൗമുദി അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ സുധികുമാർ സ്വാഗതവും കല്ലമ്പലം ലേഖകൻ സുനിൽകുമാർ നന്ദിയും പറഞ്ഞു. അശാപ്രവർത്തകരെ കൂടാതെ മോട്ടോ ഫോം മാനേജിംഗ് ഡയറക്ടർ മാത്യു ജോസഫ്, പള്ളിക്കൽ മേഖലയിൽ ലഹരിമരുന്ന് വില്പനയ്ക്കും ഉപയോഗത്തിനും എതിരെ ശക്തമായ നടപടികൾ സ്വീകരിച്ച സി.ഐ ശ്രീജിത്ത്, കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് സ്തുത്യർഹമായ സേവനം കാഴ്ചവച്ച പള്ളിക്കൽ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ജയറാം ദാസ്, ജീവകാരുണ്യ പ്രവർത്തകനായ സുമിയാ ഗ്രൂപ്പ് എം.ഡി എ.കെ. ഷുക്കൂർ, പൊതുപ്രവർത്തകനായ പള്ളിക്കൽ ഫാർമേഴ്സ് സഹകരണ ബാങ്ക് പ്രസിഡന്റ് സജീബ് ഹാഷിം, മനുഷ്യസ്നേഹിയും പ്രവാസിയുമായ സൽമാൻസ് ഗ്രൂപ്പ് എം.ഡി മുഹമ്മദ് ഹുസൈൻ, ജീവകാരുണ്യ പ്രവർത്തകനും പ്രവാസിയുമായ നാസർ കല്ലറ, പൊതുപ്രവർത്തകൻ മുല്ലനല്ലൂർ ശിവദാസൻ, മൃഗപരിപാലകൻ ഉണ്ണിക്കൃഷ്ണകുമാർ എസ്, പള്ളിക്കൽ മേഖലയിൽ കേരളകൗമുദിയുടെ അംബാസഡർമാരായി പ്രവർത്തിക്കുന്ന ഞാറയിൽക്കോണം ഏജന്റ് എം. ഹംസ, പള്ളിക്കൽ ഏജന്റ് വേണുഗോപാലൻ നായർ, കാട്ടുപുതുശ്ശേരി ഏജന്റ് നൂഹുമാൻ, വേമൂട് ഏജന്റ് യാക്കൂബ്ഖാൻ, മൂതല ഏജന്റ് അനിൽകുമാർ എന്നിവരെ മെമന്റോ നൽകി ആദരിച്ചു. പഞ്ചായത്തംഗങ്ങളും രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.