
തിരുവനന്തപുരം: ഗവർണറെ തിരിച്ചുവിളിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുന്ന വിഷയം യു.ഡി.എഫിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗവർണർ കളിക്കുന്നത് തറ രാഷ്ട്രീയമാണ്. വഹിക്കുന്ന സ്ഥാനത്തിന്റെ മഹത്വമോ മഹിമയോ ഉൾക്കൊള്ളാനദ്ദേഹത്തിനായിട്ടില്ല. പ്രതിപക്ഷനേതാവിനെതിരായ ഗവർണറുടെ പരാമർശം രാഷ്ട്രീയമാണ്. സർക്കാരിനെ പ്രതിപക്ഷനേതാവ് വിമർശിക്കുന്നില്ലെന്ന് പറയേണ്ടത് ഗവർണറല്ല. അതൊക്കെ പറയാൻ ഇവിടെ പാർട്ടിയുണ്ട്. ഇടപെടേണ്ട കാര്യങ്ങളിലല്ലാതെ അഭിപ്രായങ്ങൾ പറഞ്ഞ് ഗവർണർ പരിഹാസ്യനാവുകയാണ്. ഇത്തരത്തിൽ ഗവർണർമാർ തരംതാഴ്ന്നിട്ടില്ല. സ്ഥാനത്തിന്റെ മഹിമ തകർക്കുന്ന ഗവർണറോട് സഹതാപമുണ്ട്. തിരിച്ചുവിളിക്കണമെന്ന് കേരളം ഒന്നടങ്കമാണ് ആവശ്യപ്പെടേണ്ടത്. പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്നതിനെതിരായ നിലപാടിനോട് കോൺഗ്രസിന് യോജിപ്പില്ല. അക്കാര്യത്തിലെ ഗവർണറുടെ അഭിപ്രായം തെറ്റാണ്. നിലപാട് മാറ്റിക്കൊണ്ടിരിക്കുന്ന ഗവർണറുടെ വാക്കുകളെ അടിസ്ഥാനമാക്കി പ്രതികരിക്കുന്നത് യുക്തിസഹമാവില്ലെന്നും സുധാകരൻ പറഞ്ഞു.