pic1

നാഗർകോവിൽ: തമിഴ്‌നാട്ടിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അവസാനിച്ചു. ഇന്നലെ രാവിലെ 7 മുതൽ വൈകിട്ട് 6വരെയാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെണ്ണൽ വരുന്ന 22ന് നടക്കും. കന്യാകുമാരി ജില്ലയിൽ നാഗർകോവിൽ കോർപ്പറേഷൻ, നഗരസഭ, ടൗൺ പഞ്ചായത്തുകളിലായി 4366 പേരാണ് മത്സരിച്ചത്. രാവിലെ ജില്ലയിലെ മിക്ക ബൂത്തുകളിലും വോട്ടർമരുടെ വരവ് കുറഞ്ഞിരുന്നു എന്നാൽ 11ഓടെ വോട്ടർമാരുടെ തിരക്കനുഭവപ്പെട്ടു തുടങ്ങി. ജില്ലയിലെ കോർപ്പറേഷൻ, നഗരസഭ, ടൗൺ പഞ്ചായത്തുകളിലായി 10,​41,​624 വോട്ടർമാരാണുള്ളത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെ 63 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡി.എം.കെയുടെ നേതൃത്വത്തിലുള്ള മതേതര മുന്നണിയും എ.ഡി.എം.കെയുമാണ് പ്രധാനമായും ഏറ്റുമുട്ടുന്നത്. ബി.ജെ.പി,​ പി.എം.കെ തുടങ്ങിയവ തനിച്ചാണ് മത്സരിച്ചത്. ജില്ലയിൽ നാലുപേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. താപനില പരിശോധിച്ച ശേഷം സാനിറ്റൈസറും ഗ്ലൗസും നൽകിയാണ് വോട്ടർമാരെ പോളിംഗ് ബൂത്തിലേക്ക് കയറ്റിയത്. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിൽ 3500 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു.