
തിരുവനന്തപുരം: സതേൺ റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽ കൊമേഴ്സ്യൽ, ട്രാഫിക് ഡിപ്പാർട്ട്മെന്റുകളിലെ സ്ഥലം മാറ്റത്തിനെതിരെ എസ്.ആർ.ഇ.എസിന്റെ നേതൃത്വത്തിൽ ഡി.ആർ.എം ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. അംഗീകൃത യൂണിയനുകളുമായി ചർച്ച നടത്താതെ അടിക്കടി നടത്തുന്ന സ്ഥലംമാറ്റത്തിനു പിന്നിൽ എസ്.ആർ.എം.യു യൂണിയനും ഉദ്യോഗസ്ഥരുമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സ്ഥലംമാറ്റത്തിന് അംഗീകൃത യൂണിയനുകളെ ഒഴിവാക്കി കാലാവധി നഷ്ടപ്പെട്ട യൂണിയനെ പങ്കെടുപ്പിച്ചത് ഉദ്യോഗസ്ഥ- യൂണിയൻ അവിഹിത ഇടപെടലാണെന്ന് എസ്.ആർ.ഇ.എസ് നേതാക്കൾ ആരോപിച്ചു. സാധാരണ തൊഴിലാളികൾ നാഗർകോവിൽ ഉൾപ്പെടെയുള്ളിടത്തേക്ക് നിർബന്ധിതമായി സ്ഥലം മാറ്റപ്പെടുമ്പോൾ യൂണിയൻ ഭാരവാഹികളുൾപ്പെടെയുള്ളവർക്ക് അതേ സ്റ്റേഷനിൽ പുതിയ പോസ്റ്റുകൾ ഉണ്ടാക്കി നിയമനം നൽകുന്നതായി എസ്.ആർ.ഇ.എസ് വെളിപ്പെടുത്തി. തൊഴിലാളികൾക്ക് ജോലി സ്ഥലത്തെത്താൻ ഫ്രീ പാസ് അനുവദിക്കുന്നതിന് പകരം സീസൺ ടിക്കറ്റ് നൽകാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും ഈ വിഷയത്തിൽ എസ്.ആർ.എം.യു യൂണിയനും ഉദ്യോഗസ്ഥരും ഒത്തുകളി അവസാനിപ്പിക്കണമെന്നും സതേൺ റെയിൽവേ മസ്ദൂർ സംഘ് ആവശ്യപ്പെട്ടു. ഡിവിഷണൽ സെക്രട്ടറി എൻ. ചന്ദ്രലാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡിവിഷണൽ പ്രസിഡന്റ് രാജേഷ് കെ.ആർ. പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായ മനു തോമസ്, ബിനു, ബാലാജി, തയ്യൂബ്, ജലീഷ്, സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.