
തിരുവനന്തപുരം: നയപ്രഖ്യാപനം അംഗീകരിക്കാനായി ഉദ്യോഗസ്ഥനെ ബലികൊടുത്ത് സർക്കാർ ഒത്തുതീർപ്പ് നടത്തിയെന്ന് തുറന്നടിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഭരണനേതൃത്വമാണ് ഒത്തുതീർപ്പ് നടത്തിയത്. രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെ നടന്നതല്ല അത്. രാഷ്ട്രീയമായി എതിർക്കേണ്ടതിനെ രാഷ്ട്രീയമായി എതിർക്കണം. അതിനുള്ള അവസരം നഷ്ടപ്പെടുത്തരുത്.
ഡെപ്യൂട്ടേഷൻ തസ്തികയിലേക്ക് താത്ക്കാലികക്കാരനെ സ്ഥിരപ്പെടുത്തണമെന്ന് പറഞ്ഞാൽ അത് ഗവർണറുടെ കൊടുക്കൽ-വാങ്ങൽ ആണ്. ഗവർണർ നടത്തിയത് ബ്ലാക്ക്മെയിൽ രാഷ്ട്രീയമാണ്. താൻ നിയോഗിച്ച ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നതു തന്നെ വില കുറഞ്ഞ ആവശ്യമാണ്. ഇത് അംഗീകരിച്ചുവെന്നതാണ് സർക്കാരിന്റെ തെറ്റ്. വഴങ്ങിക്കൊടുത്തതോടെ ഗവർണറുടെ ഉത്തരവാദിത്വം നിർവഹിക്കണമെന്ന് നിർബന്ധിക്കാനുള്ള സാഹചര്യം നഷ്ടമായി. രാഷ്ട്രീയ നിലവാരത്തിൽ ഗവർണറുടെ നടപടിയെ തുറന്നുകാട്ടാനുള്ള അവസരവും നഷ്ടപ്പെട്ടു. ഫെഡറൽ സംവിധാനത്തിനെതിരെ കടന്നാക്രമണം നടത്തുന്ന സർക്കാരാണ് രാജ്യത്ത് അധികാരത്തിലിരിക്കുന്നത്. അതിന്റെ ഏജന്റാണ് ഗവർണർ.
ദേശീയതലത്തിൽ ഇത് ഉയർത്തിക്കാണിക്കാനുള്ള അവസരമാണ് ഒത്തുതീർപ്പിലൂടെ എൽ.ഡി.എഫിന് നഷ്ടപ്പെട്ടത്. ഗവർണർക്ക് രാജി വയ്ക്കുകയോ പ്രസംഗം നടത്തുകയോ ചെയ്യാമായിരുന്നു. നിയമസഭ രണ്ട് ദിവസം മാറ്റിവച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ല. എൽ.ഡി.എഫിന്റെ അഭിമാനം മാനത്തോളം ഉയരുകയും ചെയ്യും. ആവശ്യമില്ലാത്ത ആർഭാടമായ ഗവർണർ ആവശ്യമില്ലെന്ന നിലപാടാണ് സി.പി.ഐക്ക്. കേരളത്തിൽ ഒരു മന്ത്രിക്ക് 27 സ്റ്റാഫേയുള്ളൂ. അതിൽ പതിനേഴ് പേരും ഗസറ്റഡ് വിഭാഗത്തിലുള്ളവരാണ്. ഭൂരിപക്ഷവും സർക്കാർ സർവീസിൽ നിന്നുള്ളവരും. പത്തോ പതിനൊന്നോ പേരാണ് അല്ലാതെയുള്ളത്. പേഴ്സണൽ സ്റ്റാഫിൽ 30 പേർ വരെയാകാമെങ്കിലും എൽ.ഡി.എഫ് 27 പേരെയേ അനുവദിച്ചിട്ടുള്ളൂ. അവർക്ക് പെൻഷൻ കൊടുക്കുന്നതൊക്കെ എക്സിക്യുട്ടിവിന്റെ അധികാരമാണെന്നും കാനം വ്യക്തമാക്കി.
സർക്കാർ ഗവർണറെ സംരക്ഷിച്ചുവെന്ന് എ.കെ. ബാലൻ
നയപ്രഖ്യാപന വിവാദത്തിൽ യഥാർത്ഥത്തിൽ ഗവർണറെ സംരക്ഷിക്കുകയാണ് സർക്കാർ ചെയ്തതെന്ന് മുൻമന്ത്രിയും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവുമായ എ.കെ. ബാലൻ. ഗവർണർ സ്ഥാനത്തെ അപമാനിക്കുന്ന ഒന്നും താൻ പറഞ്ഞിട്ടില്ല. പറയുകയുമില്ല. താൻ പറഞ്ഞതാണോ ഗവർണറുടെ സമീപനമാണോ ബാലിശമെന്ന് ജനം തീരുമാനിക്കട്ടെ. സർക്കാരും ഗവർണറും തമ്മിൽ ഒരഭിപ്രായവ്യത്യാസവുമില്ലെന്ന സന്ദേശമാണ് എപ്പോഴും നൽകിയിട്ടുള്ളത്.
ഗവർണർ വിളിച്ചു ചേർത്ത സഭയിൽ വരുന്നില്ലെന്നും പ്രസംഗം വായിക്കില്ലെന്നും സന്ദേശം നൽകുന്നതല്ലേ ബാലിശം. രാഷ്ട്രീയ നിയമനം പാടില്ലെന്ന് പറയുന്ന ഗവർണർ തന്നെ രാഷ്ട്രീയനിയമനം നടത്തുന്നതല്ലേ ബാലിശം. ഭരണഘടനാ പ്രതിസന്ധിയുണ്ടാക്കി, അത് മുതലെടുക്കാൻ പ്രതിപക്ഷത്തിന് അവസരമൊരുക്കാതെ പരിഹരിക്കുകയാണ് സർക്കാർ ചെയ്തത്.
പേര് ബാലൻ എന്നാണെന്ന് കരുതി ബാലിശമായി സംസാരിക്കരുതെന്ന ഗവർണറുടെ പരിഹാസത്തിന് മറുപടിയായായിരുന്നു എ.കെ. ബാലന്റെ പ്രതികരണം. ഗവർണർക്ക് രണ്ടാം ശൈശവമാണെന്നും മന്ത്രിയായിരിക്കെ കേക്ക് കൊണ്ടുപോയി പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ബാലൻ പ്രതികരിച്ചിരുന്നു.