
തിരുവനന്തപുരം: വ്യവസായികൾ നാടിനെ സേവിക്കുകയാണെന്നും അവരോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥർക്ക് അധികകാലം വീട്ടിലെ ഭക്ഷണം കഴിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അത്തരക്കാർക്ക് ജയിലിൽ സർക്കാർ ചെലവിൽ ഭക്ഷണം കഴിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് പ്രഖ്യാപനവും തദ്ദേശ സ്വയംഭരണ ദിനാഘോഷവും കോവളം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വ്യവസായികളോട് ശത്രുതാ മനോഭാവം ഉണ്ടാകരുത്. അപൂർവം ചില ഉദ്യോഗസ്ഥരിൽ നിന്ന് ഈ മനോഭാവം ഉണ്ടാകുന്നുണ്ട്. ഏതൊരാൾക്കും ഇവിടെ വ്യവസായം തുടങ്ങുന്നതിന് ഒരു തടസങ്ങളുമില്ല. ജനപ്രതിനിധികളെ മാത്രം വച്ചല്ല തദ്ദേശ സ്ഥാപനങ്ങളിലെ പ്രവർത്തനം നടക്കുന്നത്. ഉദ്യോഗസ്ഥർക്കും അതിൽ പങ്കുണ്ട്. വികസന പ്രശ്നങ്ങളെ തദ്ദേശ സ്ഥാപനങ്ങൾ വിശാലമായ കാഴ്‌ചപ്പാടോടെ വിലയിരുത്തണം. സർക്കാർ സേവനങ്ങൾ പൗരന്റെ അവകാശമാണെന്ന ബോദ്ധ്യം എല്ലാവർക്കുമുണ്ടാകണം. ഇതിനായി പൗരാവകാശ രേഖ കൊണ്ടുവരും. നാടിന്റെ വികസനത്തിൽ എല്ലാവരും ഒന്നിച്ചുനിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എം.വി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി.ആർ. അനിൽ, ആന്റണി രാജു, വി. ശിവൻകുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തദ്ദേശ സ്വയംഭരണ അഡിഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ സ്വാഗതവും പ്രിൻസിപ്പൽ ഡയറക്ടർ ഡി. ബാലമുരളി നന്ദിയും പറഞ്ഞു. ചടങ്ങിൽ മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സ്വരാജ് ട്രോഫിയും മഹാത്മാ അയ്യങ്കാളി പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു.