ktu

തിരുവനന്തപുരം: പിഎച്ച്. ഡി ഫെലോഷിപ്പുകൾ 18ൽ നിന്ന് നൂറാക്കി വർദ്ധിപ്പിച്ച് സാങ്കേതിക സർവകലാശാല. സിൻഡിക്കേറ്റ് യോഗമാണ് തീരുമാനമെടുത്തത്. മികച്ച ഗവേഷണ പ്രതിഭകളെ ആകർഷിക്കാനും നിലനിറുത്തുന്നതിനും ഇത് സഹായകമാവും. അടുത്ത വർഷത്തെ പിഎച്ച്. ഡി പ്രവേശനം മുതൽ ഇത് ബാധകമാവുമെന്ന് ഡീൻ റിസർച്ച് ഡോ. പി.ആർ. ഷാലിജ് പറഞ്ഞു.

പ്രതിമാസ ഗവേഷണ ഗ്രാന്റായി 25,000 രൂപയും വാർഷിക കണ്ടിജൻസി ഫണ്ട് ആയി 20,000 രൂപയുമാണ് അനുവദിക്കുക. മൂന്ന് വർഷത്തേക്കാണ് ഫെലോഷിപ്പ്. സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെയും ഗവേഷണ രംഗത്തേക്ക് ആകർഷിക്കാൻ ഇതിലൂടെ കഴിയുമെന്ന് വി.സി എം.എസ്. രാജശ്രീ പറഞ്ഞു.

ഇതുവരെ 89 ഗവേഷകർക്ക് ഫെലോഷിപ്പ് നൽകിയിട്ടുണ്ട്.

പ്രവേശന പരീക്ഷയിലെയും അഭിമുഖത്തിലെയും പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ആയിരത്തിഅഞ്ഞൂറിലധികം അപക്ഷകളാണ് കഴിഞ്ഞ വർഷം ലഭിച്ചത്. 40 ഗവേഷണ കേന്ദ്രങ്ങളിലായി 994 പേർ ഗവേഷണം നടത്തുന്നുണ്ട്.