
തിരുവനന്തപുരം: രാജ്ഭവനെ നിയന്ത്രിക്കാൻ സർക്കാരിൽ നിന്ന് ആരെങ്കിലും ശ്രമിച്ചാൽ അംഗീകരിക്കില്ലെന്നും ഒരു ഉദ്യോഗസ്ഥനും അതിനുള്ള അധികാരമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രപതിയോട് മാത്രമാണ് തനിക്ക് വിശദീകരണം നൽകേണ്ടത്. ഗവർണറുടെ പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ വിയോജന കത്തയച്ചതിന് പൊതുഭരണ സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ടില്ലെന്നും ഡൽഹിക്ക് പോകാൻ വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
സർക്കാരിന്റെ വിയോജന കത്ത് അംഗീകരിക്കില്ല. സർക്കാരിനു രാജ്ഭവനെ നിയന്ത്റിക്കാൻ അധികാരമില്ല. അതിന് ശ്രമിച്ചാൽ ഭരണഘടനാ പ്രതിസന്ധി ഉണ്ടാകും. സർക്കാരിന്റെ നടപടികൾ ഭരണഘടന അനുസരിച്ച് നടപ്പാക്കുന്നു എന്ന് ഉറപ്പാക്കാനാണ് ഗവർണർ ഇവിടെയുള്ളത്.
ലക്ഷ്യം പാർട്ടി കേഡർ വളർത്തൽ
സർക്കാരിനെ ഉപദേശിക്കാൻ ഭരണഘടനാപരമായ അവകാശമുള്ളതിനാലാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന്റെ കാര്യം ചൂണ്ടിക്കാട്ടിയത്. ഇവർക്ക് രണ്ടുവർഷത്തെ സേവനത്തിനു ശേഷം ആജീവനാന്തം പെൻഷൻ നൽകുന്നത് ചട്ടലംഘനവും ഭരണഘടനാ വിരുദ്ധവുമാണ്. പഴ്സണൽ സ്റ്റാഫിൽ ജനങ്ങളുടെ പണം ഉപയോഗിച്ച് രാഷ്ട്രീയ നിയമനമാണ് നടക്കുന്നത്. കേന്ദ്രമന്ത്രിയായിരുന്നപ്പോൾ 11 സ്റ്റാഫാണ് തനിക്ക് ഉണ്ടായിരുന്നത്. കേരളത്തിലെ മന്ത്റിമാർക്ക് 20 സ്റ്റാഫുണ്ട്. രണ്ടു വർഷം കഴിഞ്ഞ് ഇവർ രാജിവയ്ക്കുമ്പോൾ പുതിയ ആളുകളെ നിയമിക്കും. അവർക്കും പെൻഷൻ ലഭിക്കുന്നു. രണ്ടു വർഷത്തിനുശേഷം അവർ പാർട്ടി പ്രവർത്തനം നടത്തുന്നു. ഇങ്ങനെ പേഴ്സണൽ സ്റ്റാഫിനെ മാറ്റുന്നതിൽ പാർട്ടി കേഡർ വളർത്തുക എന്ന ഒറ്റ ലക്ഷ്യമാണ്. ഇത് ഖജനാവിനുണ്ടാക്കുന്ന നഷ്ടം ചില്ലറയല്ല. ജനങ്ങളുടെ പണമാണ് ധൂർത്തടിക്കുന്നത്. വിഹിതം നൽകാതെ പേഴ്സണൽ സ്റ്റാഫിനു പെൻഷൻ നൽകുന്നത് അനുവദിക്കാനാവില്ല. . പേഴ്സണൽ സ്റ്റാഫ് നിയമനത്തിന്റെ രീതി റദ്ദാക്കി നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയം താൻ തുടർന്നും ഏറ്റെടുക്കും. ഇത് പരിശോധിക്കാൻ സി.എ.ജിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമന ഫയലുകൾ താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ജ്യോതിലാലിനെ മാറ്രാൻ ആവശ്യപ്പെട്ടില്ല
പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കെ.ആർ ജ്യോതിലാലിനെ മാറ്റാൻ താൻ നിർദ്ദേശിച്ചില്ല. ഒരു സെക്രട്ടറിക്ക് ഒറ്റയ്ക്ക് അങ്ങനെ കത്തെഴുതാനാവില്ലെന്ന് തനിക്ക് അറിയാം. പിന്നെ എന്തിന് അദ്ദേഹത്തെ മാറ്റണമെന്ന് താനാവശ്യപ്പെടണം? സർക്കാരാണ് അദ്ദേഹത്തിനെതിരെ നടപടിയെടുത്തത്. അതിൽ തനിക്കെന്ത് ഉത്തരവാദിത്തമാണുള്ളത് ?
ഹരി എസ്. കർത്തയെ നിയമിച്ചതിൽ തെറ്റില്ല
ബി.ജെ.പി സംസ്ഥാനസമിതി അംഗമായ ഹരി എസ് കർത്തയെ ഗവർണറുടെ അഡി.പി.എയായി നിയമിച്ചതിൽ തെറ്റില്ല. മുമ്പും രാജ്ഭവനിൽ രാഷ്ട്രീയ പശ്ചാത്തലമുള്ള പലരും ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹം മുതിർന്ന മാദ്ധ്യമപ്രവർത്തകനാണ്. രാജ്ഭവനിൽ ജോലി ചെയ്യാനുള്ള യോഗ്യതയുണ്ട്. താനും ബി.ജെ.പിക്ക് ഒപ്പമായിരുന്നല്ലോ. കേരള പൊലീസ് ഇന്റലിജൻസ് ക്ലിയറൻസ് നൽകിയ ശേഷമാണ് ഹരി എസ് കർത്തയെ നിയമിച്ചതെന്നും ഗവർണർ വ്യക്തമാക്കി.