kandal-kaad

തിരുവനന്തപുരം: തീരപ്രദേശത്തെ കണ്ടൽച്ചെടികളെ സംരക്ഷിക്കുന്നതിനുള്ള ഹരിതവനം പദ്ധതിയിലൂടെ ടൂറിസം രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി അഞ്ചുതെങ്ങ് പഞ്ചായത്ത്. കായൽത്തീരങ്ങളിൽ വച്ചുപിടിപ്പിക്കുന്ന കണ്ടൽച്ചെടികൾ കാണാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നതോടൊപ്പം പഞ്ചായത്തിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് പൈതൃക വിനോദസഞ്ചാര പദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ട്. നേരത്തെ അഞ്ചുതെങ്ങിലെ തീരപ്രദേശങ്ങളിൽ സമൃദ്ധമായി വളർന്നിരുന്ന കണ്ടൽച്ചെടികൾ തീരത്തിന് സ്വാഭാവിക സംരക്ഷണം ഒരുക്കിയിരുന്നു. ഇവ നശിപ്പിക്കപ്പെട്ടത് കായലോരം ഇടിയുന്നതിനും വിവിധ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമായി. തുടർന്നാണ് തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് കണ്ടൽച്ചെടികൾ വച്ചുപിടിപ്പിക്കാൻ പഞ്ചായത്ത് അധികൃതർ തീരുമാനിച്ചത്. കായൽ തീരങ്ങളിൽ 2,800 ചതുരശ്രമീറ്റർ കയർ ഭൂവസ്ത്രം വിരിച്ച് അതിനുതാഴെ കണ്ടൽച്ചെടികൾ നട്ടുപിടിപ്പിക്കുന്നതാണ് പദ്ധതി. സർക്കാർ സ്ഥാപനമായ കുഫോസാണ് വിത്തുകൾ ലഭ്യമാക്കുന്നത്. ഇവ മുളപ്പിക്കുന്നത് മുതൽ കണ്ടൽച്ചെടികളുടെ പരിപാലനം വരെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ്. രണ്ടു മുതൽ എട്ടുവരെയുള്ള വാർഡുകളിൽ മൂന്ന് കിലോമീറ്ററോളം നീളത്തിലാണ് കണ്ടൽച്ചെടികൾ നട്ടുവളർത്തുന്നത്. പ്രകൃതി സംരക്ഷണം കൂടാതെ തൊഴിലുറപ്പ് പ്രവർത്തകർക്ക് കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകാനും പദ്ധതിയിലൂടെ കഴിയും. മൂന്നുവർഷം കൊണ്ട് കണ്ടൽച്ചെടികളുടെ പരിപാലനം ഘട്ടംഘട്ടമായി പൂർത്തിയാക്കുന്നതോടെ അഞ്ചുതെങ്ങിലെ പ്രധാന വിനോദസഞ്ചാര ആകർഷണമായി ഹരിതവനം മാറും. ഇതോടൊപ്പം അഞ്ചുതെങ്ങ് കോട്ട, പൊന്നുംതുരുത്ത്, കായിക്കര, ചെമ്പകത്തറ തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിച്ച് പൈതൃക വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കാനും ആലോചിക്കുന്നുണ്ട്. ഇവിടെ ഒരു ചിത്രശലഭ പാർക്കും ഔഷധ സസ്യത്തോട്ടവും കായലിന് സമാന്തരമായി നടപ്പാതയും അടിയന്തരമായി ഒരുക്കും. ഈ സ്ഥലങ്ങൾ ഒറ്റ ദിവസം കൊണ്ടുതന്നെ കാണാനുള്ള പ്രത്യേക പാക്കേജും ഉടൻ അവതരിപ്പിക്കും.