
ബാലരാമപുരം: മന്ത്രി വീണജോർജ്ജിന്റെ ഇടപെടലിനെ തുടർന്ന് പള്ളിച്ചൽ പഞ്ചായത്ത് ഇടക്കോട് വാർഡിലെ ഏഴാം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ നിറം കാവിയിൽ നിന്ന് മഞ്ഞയായി.പ്രദേശത്ത് വർഗീയമായ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന മന്ത്രിയുടെ പരാമർശമെത്തിയതോടെ പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലികയുടെ നേതൃത്വത്തിൽ പൂർവസ്ഥിതിയിലേക്ക് മാറ്റുകയായിരുന്നു.ചൊവ്വാഴ്ച്ച അർദ്ധരാത്രിയിലാണ് അങ്കണവാടി കെട്ടിടത്തിന് കാവിനിറത്തിൽ പെയിന്റടിച്ചത്.ഇതേവിഷയത്തിൽ പ്രദേശത്ത് കഴിഞ്ഞ ദിവസം ബി.ജെ.പി - .സി.പി.എം പ്രവർത്തരും തമ്മിൽ ചെറിയതോതിൽ വാക്കേറ്റവും നടന്നു.നരുവാമൂട് സി.ഐ.ധനപാലന്റെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തിയാണ് സംഘർഷം ഒഴിവായത്.ഐ.സി.ഡി.എസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കെട്ടിടം പൂർവസ്ഥിതിയിലാക്കാനുള്ള തീരുമാനം ബി.ജെ.പി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഇതോടെ വിവാദം കെട്ടടങ്ങി.കൂടുതൽ സംഘർഷമുണ്ടാകാതിരിക്കാൻ ഇരുകൂട്ടരുമായി പൊലീസ് ചർച്ചയും നടത്തി.