1

പോത്തൻകോട്: പ്രധാന ദേവിമാരുടെ ശ്രീകോവിലുകളും താഴികക്കുടങ്ങളും കൽത്തൂണുകളും ക്ഷേത്രവിളക്കുമാടവും കവാടങ്ങളും കർണാടകയിലെ ജഹാദ്രിയിൽ നിന്നെത്തിച്ച വിലകൂടിയ പ്രത്യക തങ്ക ഷീറ്റുകളിൽ പൊതിഞ്ഞതോടെ സുവർണ ശോഭയിൽ മഹാക്ഷേത്രങ്ങളുടെ ഗണത്തിലേക്കുയർന്ന പോത്തൻകോട് പണിമൂല ദേവീ ക്ഷേത്രത്തിലെ പ്രസിദ്ധമായ പൊങ്കാല മഹോത്സവം ഇന്ന് നടക്കും. ഇന്ന് രാവിലെ 10.30ന് ക്ഷേത്ര മേൽശാന്തി കൊച്ചുമഠം കൃഷ്ണപ്രസാദ്‌ പണ്ടാര അടുപ്പിൽ അഗ്നി ജ്വലിപ്പിക്കുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. പൂർണമായും കൊവിഡ് നിയന്ത്രണങ്ങളോടെ നടക്കുന്ന ഇത്തവണത്തെ പൊങ്കാല 100 ചതുരശ്ര മീറ്ററിൽ ഒരു അടുപ്പ് എന്ന നിലയിലാണ് ക്രമീകരിച്ചിട്ടുള്ളത്. ഇതിനായി 25 ഏക്കറോളം വരുന്ന ക്ഷേത്രപരിസരം പൊങ്കാലയ്ക്കായി ഒരുക്കിയിട്ടുണ്ട്. രാവിലെ 9ന് നടക്കുന്ന പൊങ്കാല മഹോത്സവസമ്മേളനം ട്രസ്റ്റ് പ്രസിഡന്റ് ആർ. ശിവൻകുട്ടി നായരുടെ അദ്ധ്യക്ഷതയിൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും . ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരര് താഴ്‌മൺമഠം അനുഹ്രഹ പ്രഭാഷണം നടത്തും. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ കെ. വേണുഗോപാലൻ നായർ, എം. ജലീൽ, ഉന്നൈസ അൻസാരി, ബ്ലോക്ക് അംഗങ്ങളായ ആർ. അനിൽകുമാർ, അനിതകുമാരി, വാർഡ് അംഗങ്ങളായ എസ്. ഷീജ, ഡി. വിമൽകുമാർ, ക്ഷേത്രട്രസ്റ്റ് പ്രസിഡന്റ് സി. ഗോപീമോഹൻ നായർ തുടങ്ങിയവർ സംസാരിക്കും. ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി കെ. വിജയകുമാർ സ്വാഗതവും ജനറൽ കൺവീനർ ആർ. ലതീഷ്‌കുമാർ നന്ദിയും പറയും. തുടർന്ന് 10.45 ന് കലശാഭിഷേകം, ഉച്ചയ്ക്ക് 12ന് പൊങ്കാല നൈവേദ്യം അർപ്പിക്കൽ.