congress

തിരുവനന്തപുരം: കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിനുള്ള പെരുമാറ്റച്ചട്ടം നിലവിൽ വരുന്ന ഏപ്രിൽ വരെ പുനഃസംഘടനാ നടപടികളുമായി മുന്നോട്ട് പോകാൻ സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാൻഡിന്റെ പച്ചക്കൊടി.

സംഘടനാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിന്റെ മുഖ്യ വരണാധികാരിയും കർണാടക മുൻ ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വരയാണ് ഹൈക്കമാൻഡിന്റെ സമ്മതം അറിയിച്ചത്. കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പരമേശ്വരയുമായി കൂടിക്കാഴ്ച നടത്തി. ഡി.സി.സി, ബ്ലോക്ക്തല പുനഃസംഘടനകൾ ഈ മാസത്തോടെ പൂർത്തിയാക്കുമെന്ന് അവർ പരമേശ്വരയെ അറിയിച്ചു. കെ.പി.സി.സി സെക്രട്ടറിമാർ അടുത്ത ഘട്ടത്തിലായിരിക്കും.

അതേസമയം, സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സ്ഥിതിക്ക് പുനഃസംഘടന പാടില്ലെന്ന കർശനനിലപാട് എ ഗ്രൂപ്പ് നേതൃത്വം പരമേശ്വരയെ അറിയിച്ചു. സംഘടനാ തിരഞ്ഞെടുപ്പാണ് അഭികാമ്യമെങ്കിലും പുനഃസംഘടനയുണ്ടായാൽ സഹകരിക്കുമെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്. എ ഗ്രൂപ്പിന് വേണ്ടി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഐ ഗ്രൂപ്പ് നേതാവായ രമേശ് ചെന്നിത്തലയും വെവ്വേറെ പരമേശ്വരയെ കണ്ടു.

പെരുമാറ്റച്ചട്ടം വരുന്നതുവരെ പുനഃസംഘടനയ്‌ക്ക് തടസ്സമില്ലെന്ന് ജി. പരമേശ്വര മാദ്ധ്യമങ്ങളോട് പറഞ്ഞു. പുനഃസംഘടന വഴി പദവികളിലെത്തുന്നവരും സംഘടനാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കേണ്ടി വരും. ഡി.സി.സി തലം വരെ തിരഞ്ഞെടുപ്പ് വേണോ, സമവായം വേണോ എന്ന് നേതാക്കൾക്ക് തീരുമാനിക്കാം. കെ.പി.സി.സി തലത്തിൽ എന്തുവേണമെന്ന് അപ്പോൾ തീരുമാനിക്കും.

സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അംഗത്വ വിതരണം ഈ മാസം 26ന് ആരംഭിക്കും. അന്ന് രാവിലെ കെ.പി.സി.സി ഭാരവാഹികൾ, നിർവാഹകസമിതി അംഗങ്ങൾ, എം.പിമാർ, എം.എൽ.എമാർ, മുതിർന്ന നേതാക്കൾ, ഡി.സി.സി പ്രസിഡന്റുമാർ, ബ്ലോക്ക് പ്രസിഡന്റുമാർ, കെ.പി.സി.സി- എ.ഐ.സി.സി അംഗങ്ങൾ തുടങ്ങിയവരുടെ യോഗം ചേർന്നാകും അംഗത്വവിതരണത്തിന് തുടക്കം കുറിക്കുക. ഓൺലൈൻ അംഗത്വവിതരണവും നടക്കും. അംഗത്വവിതരണത്തിന് ചുമതലയുള്ള നേതാക്കൾക്കായി 26ന് ഉച്ചയ്ക്ക് ശേഷം ക്ലാസുണ്ടാവും. ബൂത്തുകളിൽ അംഗത്വവിതരണത്തിന് ഒരു പുരുഷനെയും സ്ത്രീയെയും ചുമതലപ്പെടുത്തും. ഇവർക്ക് പരിശീലനം നൽകും. പ്രസിഡന്റുൾപ്പെടെ കെ.പി.സി.സി ഭാരവാഹികൾക്ക് പുറമേ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസൻ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തിയെന്നും സംഘടനാ തിരഞ്ഞെടുപ്പിന് തടസ്സങ്ങളില്ലെന്നും പരമേശ്വര അറിയിച്ചു. ഉപ വരണാധികാരി വി.കെ. അറിവഴകനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തിയ പരമേശ്വര ചർച്ചകൾക്ക് ശേഷം ഇന്നലെ മടങ്ങി.