tree

തിരുവനന്തപുരം: തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിൽ പുതിയ കെട്ടിടം പണികഴിപ്പിക്കുന്നതിന്റെ പേരിൽ ഗസ്റ്റ് ഹൗസ് വളപ്പിലെ അത്യപൂർവ മരങ്ങൾ മുറിച്ച് നീക്കിയതിനെതിരെ ട്രീവാക്ക് കൂട്ടായ്മ, കേരള മൈ ഓൺ കൺട്രി പ്രവർത്തകരും പ്രതിഷേധിച്ചു. മുറിച്ചിട്ട മരങ്ങളിൽ റീത്ത് സമർപ്പിച്ചും പ്രതീകാത്മകമായി അനുശോചിച്ചുമായിരുന്നു പ്രതിഷേധം. ഗസ്റ്റ് ഹൗസിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ പേരിൽ ഗസ്റ്ര് ഹൗസ് വളപ്പിലെ ചരിത്രപ്രാധാന്യമുള്ള മരങ്ങൾ മുഴുവൻ മുറിച്ച് മാറ്രാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് ട്രീവാക്ക് കൂട്ടായ്മ കോ - ഓർഡിനേറ്ററും പരിസ്ഥിതി ശാസ്ത്രജ്ഞയുമായ അനിത.എസ് ആരോപിച്ചു.

ലോകത്തു തന്നെ അപൂർവവും തിരുവനന്തപുരം നഗരത്തിൽ അത്യപൂ‌ർവവുമായ അകിൽ മരമുൾപ്പെടെ (ഉതി) വിലപിടിപ്പുള്ള മരങ്ങളാണ് വനം വകുപ്പിനെ സ്വാധീനിച്ച് മുറിച്ചുമാറ്റിയിരിക്കുന്നത്. മൂന്ന് വർഷം മുൻപ് ഇതേ മരം മുറിച്ച് മാറ്റാനുള്ള ശ്രമം ട്രീവാക്കിന്റെ എതിർപ്പിനെ തുടർന്ന് അന്നത്തെ മേയറും ട്രീ കമ്മിറ്റി ചെയർമാനുമായിരുന്ന പി.എസ്. പ്രശാന്തിന്റെ ഇടപെടലിൽ തടഞ്ഞിരുന്നു.

അകിൽമരം നിലനിറുത്തി കെട്ടിടം നി‌ർമ്മിക്കുന്നതിന് പകരം പൈതൃക മരങ്ങളെല്ലാം മുറിച്ച് ചരിത്രപ്രാധാന്യമുള്ള ഗസ്റ്റ്ഹൗസിന്റെ മുഖച്ഛായ നഷ്ടപ്പെടുത്താനാണ് ശ്രമമെന്ന് അനിത. എസ് കുറ്റപ്പെടുത്തി. മരം മുറിക്കലിനെതിരെ പൊതുമരാമത്ത്, വനം വകുപ്പ് മന്ത്രിമാർക്ക് പരാതി സമർപ്പിച്ചതായി ട്രീവാക്ക് കൂട്ടായ്മ വെളിപ്പെടുത്തി. അനിതയെ കൂടാതെ ട്രീ കമ്മിറ്റി മുൻ അംഗവും റിട്ട. ഫോറസ്റ്ററുമായ ഉദയനൻനായർ, ഗോഡ്സ് ഓൺ കൺട്രി പ്രവർത്തകൻ സഞ്ജീവ് എസ്.വി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. മുറിച്ചിട്ട കൂറ്റൻ അകിൽ മരത്തിൽ റീത്ത് സമർപ്പിച്ച് അനുശോചിച്ചശേഷമാണ് പ്രവർത്തകർ പിരിഞ്ഞത്.