
തിരുവനന്തപുരം: മന്ത്രിമാരും ചീഫ് വിപ്പും സ്വന്തം നിലയിൽ നിയമിച്ച 362പേഴ്സണൽ സ്റ്റാഫുകൾക്ക് ശമ്പളം നൽകാൻ 1.42കോടിരൂപയോളം പ്രതിമാസം ചെലവിടുമ്പോൾ ഗവർണറുടെ പേഴ്സണൽ സ്റ്റാഫിൽ വെറും നാലുപേർ മാത്രം. മൂന്ന് പേരെ ഗവർണർ ഒപ്പം കൊണ്ടുവന്നതാണ്. ബി.ജെ.പി സംസ്ഥാനസമിതിയംഗം ഹരി എസ്.കർത്തയെ അഡി.പി.എയായി കഴിഞ്ഞദിവസമാണ് നിയമിച്ചത്. ഇവർക്കാർക്കും സംസ്ഥാന ഖജനാവിൽ നിന്ന് പെൻഷൻ നൽകേണ്ടതില്ല. രണ്ടരവർഷത്തിനു ശേഷം ഗവർണർ കാലാവധി പൂർത്തിയാക്കി മടങ്ങുമ്പോൾ ഇവരും തിരിച്ചുപോവും.
കേന്ദ്ര ടൂറിസം വകുപ്പിൽ ഡയറക്ടറായി വിരമിച്ച മലയാളി കെ.രാജ്മോഹനാണ് പ്രൈവറ്റ് സെക്രട്ടറി. ഡൽഹിയിലെ പൊതുമേഖലാ സ്ഥാപനത്തിലെ റിട്ട. ഉദ്യോഗസ്ഥൻ അനിൽകുമാർ സിംഗാണ് അഡി.പ്രൈവറ്റ് സെക്രട്ടറി. ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി പദവിയാണ് ഇരുവർക്കും നൽകിയിട്ടുള്ളത്. അവസാനം വാങ്ങിയ ശമ്പളത്തിൽ കുറവുവരാതിരിക്കാൻ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി സ്കെയിൽ ഇവർക്ക് നൽകിയിട്ടുണ്ട്. ഗസറ്റഡ് പദവിയുമുണ്ട്. രണ്ടുപേർക്കും കേന്ദ്ര പെൻഷനും കിട്ടുന്നുണ്ട്. ഹരി എസ്.കർത്തയാണ് അഡി.പേഴ്സണൽ അസിസ്റ്റന്റ്. ടൂർ സൂപ്രണ്ട് തസ്തികയിൽ നിയമനം നടത്തിയിട്ടില്ല. പകരം ഉത്തരേന്ത്യക്കാരനായ പ്യൂൺ അനീസിന് ആ ചുമതല നൽകിയിരിക്കുകയാണ്. ഇവർക്കൊന്നും സംസ്ഥാന ഖജനാവിൽ നിന്ന് പെൻഷൻ നൽകേണ്ടതില്ല.
ഗവർണറുടെ ആസ്ഥാനമായ രാജ്ഭവനിൽ 157സ്ഥിരം ജീവനക്കാരുണ്ട്. 1987ലെ ഗവർണേഴ്സ് അലവൻസസ് ആൻഡ് പ്രിവിലേജസ് റൂൾസ് പ്രകാരം പാർലമെന്റ് പാസാക്കിയ നിയമപ്രകാരമാണ് നിയമനം. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനോ കൂട്ടാനോ രാഷ്ട്രപതിക്ക് മാത്രമാണ് അധികാരം. ശമ്പളവും ആനുകൂല്യങ്ങളും നൽകേണ്ടത് സംസ്ഥാനമാണ്. ഗവർണറുടെ സെക്രട്ടറി ഐ.എ.എസ് ഉദ്യോഗസ്ഥനായ ദേവേന്ദ്രകുമാർ ദൊഡാവത്താണ്. പ്രിൻസിപ്പൽ സെക്രട്ടറി റാങ്കുണ്ട്. സുരക്ഷാചുമതലയുള്ള എ.ഡി.സിയായി നാവികസേനയിലെ ലെഫ്.കമാൻഡർ മനോജ് കുമാർ, സംസ്ഥാന പൊലീസിലെ എസ്.പി ഡോ.അരുൾ ആർ.ബി കൃഷ്‌ണ എന്നിവരുണ്ട്.
പേഴ്സണൽ സ്റ്റാഫ്: ഗവർണർക്ക് മുന്നിൽ 3വഴികൾ
1) മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിന്റെ ഫയലുകളെല്ലാം വിളിപ്പിച്ച് പരിശോധിക്കാം. ചീഫ്സെക്രട്ടറിയടക്കം ഏത് ഉദ്യോഗസ്ഥനെയും വിളിച്ചുവരുത്തി വിശദീകരണം തേടാം.
2) പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകാനുള്ള തീരുമാനം റദ്ദാക്കാൻ സർക്കാരിനോടാവശ്യപ്പെടാം. ഇക്കാര്യം ഗവർണറുടെ അധികാരത്തിൽ വരുന്നതല്ലെന്ന് മന്ത്രിസഭായോഗം വിലയിരുത്തി മറുപടി നൽകിയാൽ ഒന്നുംചെയ്യാനാവില്ല.
3) കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന് ഫയലുകൾ പരിശോധനയ്ക്ക് കൈമാറാം. പക്ഷേ, സി.എ.ജിക്ക് അന്വേഷണത്തിന് അധികാരമില്ല, ഓഡിറ്റിനു മാത്രമേ കഴിയൂ.
പെൻഷൻ ഫയൽ വിളിപ്പിച്ചു: ഗവർണർ
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പെൻഷൻ നൽകുന്ന വിഷയത്തിൽ വീണ്ടും നിലപാട് കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത് സംബന്ധിച്ച ഫയലുകൾ വിളിപ്പിച്ചതായും ഒരു മാസത്തിനകം നടപടിയുണ്ടാകുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. രാഷ്ട്രീയക്കാർക്ക് പെൻഷൻ നൽകുന്നത് ഗൗരവമായാണ് എടുക്കുന്നത്. നടപടിയെടുക്കാൻ അധികാരമുണ്ട്. ഇത്തരത്തിൽ പണം നൽകുന്നത് കേരളത്തിന്റെ പണം കൊള്ളയടിക്കുന്നതിന് തുല്യമാണ്.
കാനം ഇപ്പോഴും എൽ.ഡി.എഫിൽ തന്നെയല്ലെ എന്നായിരുന്നു കാനത്തിന്റെ പ്രസ്താവനയെ കുറിച്ചുള്ള ഗവർണറുടെ പരിഹാസത്തോടെയുള്ള പ്രതികരണം. മുന്നണിയെ തകർക്കാൻ അദ്ദേഹം തന്റെ പേര് ഉപയോഗിക്കേണ്ടെന്നും ഗവർണർ വ്യക്തമാക്കി.
സതീശനെയും ബാലനെയും കടന്നാക്രമിച്ച് ഗവർണർ
തനിക്കെതിരെ വിമർശനമുന്നയിച്ച മുൻമന്ത്രി എ.കെ.ബാലനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും കടന്നാക്രമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ''പേര് ബാലൻ എന്നാണെന്ന് കരുതി ബാലിശമായി സംസാരിക്കരുത്. ഉള്ളിലെ കുട്ടി ഇനിയും വളർന്നിട്ടില്ലേ? ഇതൊന്നും ശരിയല്ല''- ബാലന്റെ പേരെടുത്ത് പറഞ്ഞ് ഗവർണർ വിമർശിച്ചു. ബാലൻ വളരാൻ ശ്രമിക്കുന്നില്ല. മന്ത്റിസ്ഥാനം നഷ്ടപ്പെട്ട ബാലൻ മുഖ്യമന്ത്റിയുടെ ശ്രദ്ധ ആകർഷിക്കാനായി ബാലിശമായി പെരുമാറുന്നു. ഗവർണറെ വിമർശിക്കുന്നതിൽ തെറ്റില്ല. എന്നാൽ, ബാലിശവും നിരുത്തരവാദപരവുമായ പ്രസ്താവന നടത്തരുത്- ഗവർണർ പറഞ്ഞു. ഗവർണർക്ക് രണ്ടാം ശൈശവമാണെന്നും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രശ്നങ്ങളുണ്ടാക്കിയപ്പോൾ ഒരു കേക്ക് രാജ്ഭവനിൽ കൊണ്ടുക്കൊടുത്ത് താൻ പ്രശ്നം പരിഹരിച്ചിട്ടുണ്ടെന്നും ബാലൻ നേരത്തേ പറഞ്ഞിരുന്നു.
അതിന് മറുപടി പോലെ പേപ്പറിൽ എഴുതികൊണ്ടുവന്നാണ് ബാലനെതിരെയുള്ള പരാമർശങ്ങൾ ഗവർണർ നടത്തിയത്. ബാലിശം എന്ന് വാക്ക് മലയാളത്തിൽ തന്നെ പറയുകയും ചെയ്തു.
പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണമെന്നും വിഷയങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്നും വി ഡി സതീശന് ഒരു ധാരണയുമില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. അനുഭവപരിചയം കുറവായതിനാൽ, പ്രതിപക്ഷനേതാവ് എങ്ങനെ പെരുമാറണമെന്ന് ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും കണ്ട് സതീശൻ പഠിക്കണമെന്നാണ് തന്റെ ഉപദേശമെന്ന് ഗവർണർ പറഞ്ഞു.