kseb


തിരുവനന്തപുരം:സുപ്രീം കോടതിയിൽ നിന്ന് അനുകൂല വിധിയുണ്ടായ സാഹചര്യത്തിൽ വർഷങ്ങളായി മുടങ്ങി കിടക്കുന്ന കെ.എസ്.ഇ. ബി.യിലെ 4230 ജീവനക്കാർക്ക് പ്രൊമോഷൻ രണ്ടാഴ്ചക്കുള്ളിൽ അനുവദിക്കാൻ നടപടിയെടുക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി അറിയിച്ചു.

ഇലക്ട്രിസിറ്റി ആക്ട് 2003 അടിസ്ഥാനമാക്കി സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി ചട്ടങ്ങൾ പുറപ്പെടുവിച്ചപ്പോൾ ഹൈടെൻഷൻ ലൈനുകളിലും പ്രതിഷ്ഠാപനങ്ങളിലും പണിയെടുക്കുന്ന ജീവനക്കാർക്ക് ഇലക്ട്രിക്കൽ ഇൻജിനീയറിംഗ് ബിരുദമോ ഡിപ്ലോമയോ വേണമെന്ന് നിഷ്‌കർഷിച്ചിരുന്നു. എന്നാൽ റെഗുലേഷൻ 116 പ്രകാരം ജീവനക്കാരുടെ യോഗ്യതയിൽ ഇളവനുവദിക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ടെന്ന വസ്തുത കണക്കിലെടുത്ത് മുൻമന്ത്രി എം.എം. മണി ഇടപെട്ട് ജീവനക്കാരുടെ യോഗ്യതയിൽ ഇളവനുവദിച്ചു സർക്കാർ ഉത്തരവിറക്കി. ഇതിനെ ചോദ്യം ചെയ്ത് ഏതാനും ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചതോടെ, ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവ് റദ്ദാക്കി. തുടർന്ന് വൈദ്യുതി ബോർഡും വിവിധ തൊഴിലാളി സംഘടനകളും ഡിവിഷൻ ബഞ്ചിൽ അപ്പീൽ സമർപ്പിക്കുകയും ഡിവിഷൻ ബഞ്ച് അനുകൂല വിധി പ്രസ്താവിക്കുകയുമുണ്ടായി.

അതിനെതിരായ അപ്പീലിലാണ് സുപ്രീംകോടതി ബോർഡിനും ജീവനക്കാരുടെ സംഘടനകൾക്കും അനുകൂലമായി വെള്ളിയാഴ്ച വിധി പുറപ്പെടുവിച്ചു.

ലൈൻമാൻ 2ൽ നിന്നും ലൈന്മാൻ1 ലേക്ക് 3170 പേർക്കും, ലൈന്മാൻ 1 ൽ നിന്ന് ഓവർസീയറിലേക്ക് 830 പേർക്കും, ഓവർസീയർ / മീറ്റർ റീഡറിൽ നിന്ന് സബ് എഞ്ചിനീയറിലേക്ക് 90 പേർക്കും സബ് എഞ്ചിനീയറിൽ നിന്ന് അസിസ്റ്റന്റ് എഞ്ചിനീയറിലേക്ക് 140 പേർക്കും ഉൾപ്പെടെ 4230 പേർക്ക് പ്രോമോഷൻ കിട്ടും.