cpm

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോർട്ടിന്റെ കരടിന്മേൽ സംസ്ഥാന കമ്മിറ്റി യോഗം ചർച്ച ആരംഭിച്ചു.

പാർട്ടി നേതൃതലത്തിൽ വിഭാഗീയത ഏതാണ്ട് അസ്തമിച്ചെങ്കിലും ചില ജില്ലകളിലും പ്രാദേശികതലങ്ങളിലും വിഭാഗീയതയുടെ ദൂഷ്യങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ആലപ്പുഴ, പാലക്കാട് ജില്ലകളിലാണ് ഇത് രൂക്ഷം. ഇത് തടയാനുള്ള കർക്കശ ഇടപെടലുണ്ടാകണം. കേരളത്തിൽ ഇനിയും തുടർഭരണം ഉറപ്പാക്കാനുള്ള പ്രവൃത്തികളാവണം അടുത്ത മൂന്നുവർഷം പാർട്ടി ഏറ്റെടുക്കേണ്ടതെന്നും കരട് റിപ്പോർട്ട് നിർദ്ദേശിക്കുന്നു.

ഭരണത്തുടർച്ചയിലൂടെ ജനങ്ങൾ സർക്കാരിലർപ്പിച്ച വിശ്വാസത്തോട് നീതി പുലർത്തുന്ന മാതൃകാപരമായ ഇടപെടൽ പാർട്ടി പ്രവർത്തകരിൽ നിന്നുണ്ടാകണമെന്ന് സംഘടനാറിപ്പോർട്ടിനൊപ്പം ചേർക്കാനുള്ള മാർഗരേഖയിൽ പറയുന്നു. സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ പാർട്ടി ഇടപെടരുത്. വികസനനേട്ടങ്ങൾ സാദ്ധ്യമാക്കാൻ എല്ലാത്തരം മൂലധനത്തെയും ആകർഷിക്കാൻ സർക്കാർ മുൻകൈയെടുക്കണം. സമൂഹത്തിലെ മാറ്റങ്ങൾ ശരിയായി വിലയിരുത്തി യാഥാർത്ഥ്യബോധത്തോടെ ഇടപെടണം. മാറിയ സമൂഹത്തിൽ പുതുതായി ഉയർന്നുവന്ന ഇടത്തരം ജനവിഭാഗത്തെ ഉൾക്കൊണ്ട് വികേന്ദ്രീകൃത വികസനം താഴെത്തട്ടിൽ വിപുലമാക്കണം. ഉല്പാദനമേഖലയെ നവീകരിച്ച് കൂടുതൽ വികസനം ഉറപ്പാക്കി വേണം തുടർച്ചയുണ്ടാക്കാൻ. ജനങ്ങളുടെ ദൈനംദിന വിഷയങ്ങളേറ്റെടുത്ത് അവർക്കൊപ്പം നിന്ന് ജനകീയ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കണം. സർക്കാരിന്റെ ഭാഗമായ പാർട്ടി അംഗങ്ങൾ പാർട്ടിനയവും പൊതുനയവും പ്രാവർത്തികമാക്കണം. കെ-റെയിൽ നാടിന്റെ ആവശ്യമാണെന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്തിയുള്ള പ്രചാരണ പരിപാടികളുണ്ടാകണം.

ചർച്ച ഇന്നും തുടരും. സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് സമാപിക്കും. മാർച്ച് 1 മുതൽ 4 വരെ എറണാകുളത്താണ് സംസ്ഥാനസമ്മേളനം.