school

കിളിമാനൂർ: കൊവിഡ് വ്യാപനത്തിന് ശേഷം വീണ്ടും സ്കൂൾ തുറക്കുന്നതിന്റെ ഭാഗമായി മാസ്ക്ക് ധരിച്ച് എത്തണേ അകലം പാലിക്കണേ എന്ന സന്ദേശവുമായി കിളിമാനൂർ ഗവ: എൽ.പി.എസിലെ അദ്ധ്യാപകർ കുട്ടികളുടെ വീടുകൾ സന്ദർശിച്ചു. നിസ ടീച്ചറും സംഘവും ആദ്യം എത്തിയത് പരിമിതികൾ കൊണ്ട് സ്കൂളിൽ എത്താൻ കഴിയാത്ത മൂന്നാം ക്ലാസ്സുകാരി വൈഗയുടെ വീട്ടിലാണ്. നമ്മാനങ്ങളും, പൂക്കളും,പഠന പ്രവർത്തനങ്ങളുമായി എത്തിയ അദ്ധ്യാപകരെ സന്തോഷത്തോടെ വൈഗ സ്വീകരിച്ചു. അദ്ധ്യാപകരായ ലാലി, അൻസി, സിന്ധു, ദിവാകരൻ, ബി.ആർ.സി ട്രെയിനർ ഷാനവാസ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ ഇന്ദു. എസ് നായർ എന്നിവർ പങ്കെടുത്തു.

പദ്ധതിയുടെ ട്രൈ ഔട്ടിന്റെ ഭാഗമായി പഞ്ചായത്തുകളിൽ നിന്നും ഓരോ സ്കൂളിനെയാണ് ആദ്യ ഘട്ടത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്. ഗവ.എൽ.പി.എസ് കിളിമാനൂർ, ജി.എൽ.പി.എസ് അടയമൺ, ജി. എൽ.പി.എസ് പേടികുളം,ഗവ:എൽ.പി.എസ് വെട്ടിയറ,ഗവ:എൽ.പി.എസ് വെള്ളല്ലൂർ,എസ്. എൻ.വി.യു.പി.എസ് കാട്ടുപുതുശ്ശേരി,ഗവ: എൽ.പി.എസ് പുലിയൂർകോണം,ഗവ:എൽ.പി. എസ് പറക്കുളം എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങൾ. വരും ദിവസങ്ങളിൽ ഉപജില്ലയിലെ മുഴുവൻ സ്കൂളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുമെന്ന് ബി.പി.സി.വി.ആർ സാബു പറഞ്ഞു.