land

□ കുടിശിക ശമ്പളത്തിൽ പിടിക്കും.

□ എതിർപ്പുമായി ജീവനക്കാർ

തിരുവനന്തപുരം: റവന്യൂ റിക്കവറി കേസുകളിൽ കുടിശിക കക്ഷികളിൽ നിന്ന് ഈടാക്കിയില്ലെങ്കിൽ, ആ തുക വില്ലേജ് ഓഫീസറുടെയോ, ബന്ധപ്പെട്ട മറ്റു ജീവനക്കാരുടെയോ ശമ്പളത്തിൽ നിന്നോ മറ്റ് ആനുകൂല്യങ്ങളിൽ നിന്നോ ഈടാക്കണമെന്ന വിവാദ നിർദേശവുമായി റവന്യൂ വകുപ്പ്. ഇതിൽ കടുത്ത എതിർപ്പുമായി ജീവനക്കാർ.

ഇക്കാര്യത്തിൽ അഭിപ്രായമാരാഞ്ഞ് ജില്ലാ കളക്ടർമാർക്കും തഹസീൽദാർമാർക്കും ലാൻഡ് റവന്യു കമ്മിഷണർ കത്തയച്ചിരുന്നു. ജീവനക്കാരുടെ ആത്മവിശ്വാസം ഇല്ലാതാക്കുന്നതും മാനസിക സമ്മർദ്ദം കൂട്ടുന്നതുമാണ് ഈ നീക്കമെന്നാണ് മിക്ക തഹസീൽദാർമാരും കളക്ടർമാരെ അറിയിച്ചത്.

കൊവിഡ് കാരണം വായ്പകളുടെ തിരിച്ചടവ് ഗണ്യമായി കുറഞ്ഞതും സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം കാരണം കുടിശികകൾ കുന്നുകൂടിയതുമാണ് നീക്കത്തിന് കാരണം.വിദ്യാഭ്യാസ വായ്പ അടക്കമുള്ള ബാങ്ക് വായ്പകളിലാണ് കൂടുതൽ കുടിശിക.

സഹകരണ ബാങ്കുകളുടെയും സ്ഥാപനങ്ങളുടെയും കുടിശിക തിരിച്ചു പിടിക്കാൻ അവരുടേതായ സംവിധാനമുണ്ട്. മറ്റെല്ലാ ബാങ്ക് വായ്പകളുടെയും കുടിശിക തിരിച്ചു പിടിക്കേണ്ട ബാദ്ധ്യത റവന്യുവകുപ്പിനാണ്.

കുടിശിക ഇനങ്ങൾ

□ വൈദ്യുതി ചാർജ്

□ ടെലിഫോൺ ചാർജ്

□ വാഹനനികുതി

□ വില്പന നികുതി

□ തൊഴിൽ നികുതി

□ കോടതി പിഴത്തുക

□കെട്ടിട നികുതി ഒഴികെയുള്ള പഞ്ചായത്തുകളുടെ കുടിശിക

□ക്ഷേമനിധി ബോർഡുകളും കോർപ്പറേഷനുകളും നൽകിയിട്ടുള്ള വായ്പകളുടെ കുടിശിക

റിക്കവറി നടപടി

കുടിശിക ഈാടാക്കേണ്ട സ്ഥാപന മേധാവി ജില്ലാ കളക്ടർക്ക് അപേക്ഷ നൽകും. വില്ലേജ് ഓഫീസർ കുടിശികക്കാരുടെ വീട്ടിലോ,സ്ഥാപനത്തിലോ എത്തി റിക്കവറി നോട്ടീസ് നൽകും. 30 ദിവസത്തിനുള്ളിൽ കുടിശിക അടച്ചില്ലെങ്കിൽ ജപ്തിയിലേക്ക് കടക്കും. ഭൂമിയുണ്ടെങ്കിൽ തണ്ടപ്പേരിൽ ഇത് ചേർക്കും. അതോടെ ഭൂമി ഉപയോഗിച്ചുള്ള എല്ലാ നടപടികളും തടസപ്പെടും.

സ്ഥാവര, ജംഗമ വസ്തുക്കളും ജപ്തി ചെയ്തെടുക്കാമെങ്കിലും അത് സ്വന്തം ഉത്തരവാദിത്വത്തിൽ സൂക്ഷിക്കണമെന്നതിനാൽ വില്ലേജ് ഓഫീസർമാർ അതിന് തയ്യാറാവില്ല.

#പണി കട്ടി, കിട്ടുന്നത് തുച്ഛം

പിരിച്ചെടുക്കുന്ന തുകയുടെ അഞ്ച് ശതമാനമാണ് റവന്യുവകുപ്പിന് കിട്ടുക. നോട്ടീസ് ചാർജ്ജായി 170 രൂപയും.വില്ലേജ് ഓഫീസുകളിൽ ഇതിന് പ്രത്യേക വിഭാഗമില്ല. വാഹനങ്ങളുമില്ല.

`കുടിശിക പിരിവിന്റെ ഉത്തരവാദിത്വം ഒരു കാരണവശാലും ഉദ്യോഗസ്ഥരുടെമേൽ കെട്ടിവയ്ക്കില്ല.സർക്കുലർ ഇറങ്ങാനുണ്ടായ സാഹചര്യം പരിശോധിക്കും. ഏതോ പൊതു പ്രവർത്തകനിൽ നിന്ന് ലഭിച്ച കത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് മനസിലാക്കുന്നത്.'

-കെ.രാജൻ,

റവന്യു മന്ത്രി