
ആര്യനാട്: ആര്യനാട് പാലൈക്കോണം വാർഡിൽപ്പെടുന്ന പാലൈക്കോണം ചിറ നാശത്തിന്റെ വക്കിലായിട്ട് കാലങ്ങളായി. സംരക്ഷണമില്ലാതെ കുളം വർഷങ്ങളായി കാടുകയറി നശിക്കുകയാണ്. ഇതിനെ നവീകരിക്കണമെന്ന ആവശ്യം ശക്തമായിട്ട് വർഷങ്ങളായി.
ഏകദേശം 50 സെന്റോളം വിസ്തൃതിയുള്ള കുളമാണിപ്പോൾ ചെളിയും പായലും നിറഞ്ഞ് നശിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴിലാളികൾക്ക് നിരവധി തവണകുളം വൃത്തിയാക്കിയിട്ടുണ്ട്. എന്നാൽ തുടർ സംരക്ഷണമില്ലാതെ ഇത്തരം ജോലികൾ മുഴുവൻ പാഴാവുകയാണ്. വർഷങ്ങൾക്ക് മുമ്പ് കൈയേറ്റം ഒഴിപ്പിച്ച കുളത്തിന്റെ അതിരുകൾ ഇപ്പോഴും കൈയേറ്റ ഭീഷണിയിൽ തന്നെ തുടരുന്നു. നേരത്തെ പുറമ്പോക്ക് ഉൾപ്പെടെ അളന്ന് തിട്ടപ്പെടുത്തിയപ്പോൾ സ്വകാര്യ വ്യക്തികൾ കൈയേറി വച്ചിരുന്ന വസ്തു ഉൾപ്പെടെ തിരികെ പിടിച്ചിരുന്നു. പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട നീരുറയവായിരുന്ന കുളം വൃത്തിയാക്കി നവീകരിച്ച് സംരക്ഷിക്കണമെന്നാണ് പൊതുവായ ആവശ്യം.
കുളം നവീകരിക്കണം
മുമ്പ് വലിയ ലോറി ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ആര്യനാട്-കുറ്റിച്ചൽ റോഡിൽ നിന്ന് ചിറക്ക് സമീപം എത്താൻ റോഡ് സൗകര്യമുണ്ടായിരുന്നു. എന്നാൽ ഈ വഴിപോലും കൈയേറി ചിറയ്ക്ക് സമീപമെത്തുന്നതിന് കഷ്ടിച്ച് ഒരാൾക്ക് നടന്ന് പോകാനുള്ള നടവഴി മാത്രമാണുള്ളത്. കുളം നവീകരിച്ച് കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിനാവശ്യമായ ഭൗതിക സാഹചര്യം ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.