suspend

തിരുവനന്തപുരം: വസ്തു തരംമാറ്റ അപേക്ഷയിൽ യഥാസമയം തീരുമാനമെടുക്കാത്തതിൽ മനംനൊന്ത് എറണാകുളം മൂത്തകുന്നം മാല്യാങ്കര സ്വദേശി സജീവൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഔദ്യോഗിക വീഴ്ച വരുത്തിയ ആറ് റവന്യു വകുപ്പ് ജീവനക്കാരെ സർക്കാർ സസ്‌‌പെൻഡ് ചെയ്തു. ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ ജെറോമിക് ജോർജ് നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്.

ഫോർട്ട്കൊച്ചി ആർ.ഡി.ഒ ഓഫീസിലെ മുൻ ജൂനിയർ സൂപ്രണ്ട് ഷനോജ് കുമാർ സി.ആർ, മുൻ സീനിയർ ക്ളാർക്ക് ഡെൽമ സി.ജെ, സീനിയർ ക്ളാർക്ക് അഭിലാഷ് ഒ.ബി, സെക്ഷൻ ക്ളാർക്ക് മുഹമ്മദ് അസ്ളാം, മുൻ സീനിയർ ഗ്രേഡ് ടൈപ്പിസ്റ്റ് നിഷ കെ.സി, മുൻ എൽ.ഡി ടൈപ്പിസ്റ്റ് ഷമിം ടി.കെ എന്നിവർക്കെതിരെയാണ് നടപടി. സജീവന്റെ അപേക്ഷയിൽ തീരുമാനം എടുക്കുന്നതിൽ ഇവരുടെ ഭാഗത്തു നിന്ന് കുറ്റകരമായ വീഴ്ച സംഭവിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

തന്റെ പേരിലുള്ള നാലുസെന്റ് സ്ഥലം തരംമാറ്റിക്കിട്ടാനായി നൽകിയ അപേക്ഷയിൽ ഒന്നര വർഷം കഴിഞ്ഞിട്ടും തീരുമാനമാവാതെ വന്നതോടെയാണ് ഫെബ്രുവരി മൂന്നിന് മത്സ്യത്തൊഴിലാളിയായ സജീവൻ ജീവനൊടുക്കിയത്. മകന് സംഭവിച്ച അപകടത്തിന്റെ ചികിത്സാ ചെലവും മകളുടെ വിവാഹത്തെ തുടർന്നുള്ള സാമ്പത്തിക ബാദ്ധ്യതയും തീർക്കാൻ വസ്തുവും വീടും പണയം വച്ച് വായ്പയെടുക്കാൻ വേണ്ടിയാണ് സജീവൻ വസ്തു തരംമാറ്റത്തിന് അപേക്ഷിച്ചിരുന്നത്.