
നെയ്യാറ്റിൻകര: മൂന്ന്കല്ലിൻമൂട് മുതൽ കൊന്നമൂട് വരെയുള്ള ഒന്നരക്കിലോമീറ്റർ റോഡ് യാത്രയിലൂടെ സഹികെട്ട് പൊതുജനം. ടാറെല്ലാം പൊട്ടിപ്പൊളിഞ്ഞ് കുഴികൾ രൂപപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞ് നോക്കുന്നില്ല. ഇതോടെ പ്രദേശവാസികൾക്കിടയിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. നഗരസഭയിലെ ടൗൺ, ബ്രഹ്മംകോട്, ഊരൂട്ടുകാല വാർഡും അതിയന്നൂർ പഞ്ചായത്തിലെ ഊരൂട്ടുകാല വാർഡും ചേർന്നതാണ് നെയ്യാറ്റിൻകര-തിരുവനന്തപുരം ദേശീയപാതയിൽ നിന്നും തിരിയുന്ന മൂന്ന്കല്ലിൻമൂട്-കൊന്നമൂട് റോഡ്. ഊരൂട്ടുകാല ഗവ. എം.ടി.എച്ച്.എസ്, ഊരൂട്ടുകാല ടി.ടി.ഐ, നെയ്യാറ്റിൻകര ബി.ആർ.സി, ഡോ.ജി.ആർ പബ്ലിക് സ്കൂൾ, നെയ്യാറ്റിൻകരയിലെ ഡ്രൈവിംഗ് സ്കൂൾ പരിശീലന കേന്ദ്രം, ഊരൂട്ടുകാല ഭദ്രകാളി ദേവീക്ഷേത്രം, പാൽ സൊസൈറ്റി എന്നീ സ്ഥാപനങ്ങൾ വഴി കടന്നുപോകുന്ന റോഡാണ് ഇപ്പോൾ കാൽനട യാത്ര പോലും ദുഃസഹമായി മാറിയിട്ടുള്ളത്. 2 സ്കൂളിലേക്കും വരുന്ന ചെറിയകുട്ടികളടക്കും 1000ത്തിലേറെ പേരാണ് ദിനംപ്രതി ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്. റോഡിന്റെ വീതിക്കുറവും വാഹനങ്ങളുടെ തിരക്കും ഇതുവഴിയുളള റോഡ് യാത്ര അപകടഭീഷണിയിലാക്കുന്നുണ്ട്.
3 വർഷം മുമ്പ് 35 ലക്ഷം രൂപ മുടക്കി നവീകരിച്ച റോഡാണ് പൊട്ടിപ്പൊളിഞ്ഞ് വൻകുഴികൾ രൂപപ്പെട്ടുകിടക്കുന്നത്. റോഡിന്റെ ഇരുവശവും ഓടനിർമ്മിച്ചും വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലങ്ങളും പ്രതലം ഉയർത്തിയുമായിരുന്നു റോഡ് നവീകരണം പൂർത്തിയാക്കിയത്. റോഡിന്റെ പലഭാഗവും കുണ്ടും കുഴിയുമായതോടെ വാഹന ഗതാഗതവും ദുർഘടമായി. വലിയ വാഹനങ്ങളുടേതടക്കം ഇടതടവില്ലാതെയുള്ള യാത്രയാണ് ഇത്തരത്തിൽ റോഡ് പൊട്ടിപ്പൊളിഞ്ഞതിനിടയാക്കുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം.
ഇന്ന് മുതൽ സ്കൂളുകളുടെ പ്രവർത്തനസമയം പഴയതുപോലെയായതോടെ രക്ഷിതാക്കാളും ഏറെ ആശങ്കയിലാണ്. ഇതോടെ സ്കൂൾ ബസുകളും സ്വകാര്യവാഹനങ്ങളും റോഡിലേക്കിറങ്ങുന്നതോടെ വാഹനപെരുപ്പവും ഒപ്പം യാത്രദുരിതവും കൂട്ടും. ഇത് ചെറിയകുട്ടികളടക്കമുളളവരുടെ ഏറെ ബുദ്ധിമുട്ടിലാക്കുമെന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും.