വർക്കല: വർക്കല നഗരസഭ പ്രദേശത്ത് അനധികൃത കെട്ടിട നിർമാണങ്ങൾ വർദ്ധിച്ച് വരുന്നത് നിയന്ത്രിക്കാൻ നഗരസഭ ശക്തമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ബി.ജെ.പി ആരോപിച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ച് പ്രദേശത്ത് അനധികൃത കെട്ടിട നിർമാണം വർദ്ധിക്കുകയാണ്. ഭൗമ ശാസ്ത്ര പഠന കേന്ദ്രത്തിന്റെ ആധികാരിക റിപ്പോർട്ട് അനുസരിച്ച് ക്ലിഫ് സംരക്ഷണത്തിന് പ്രത്യേകമായി വിഭാവനം ചെയ്യുന്ന പ്ലാൻ നിർദേശങ്ങൾ തയാറാക്കി നഗരസഭ എൻജിനിയറിംഗ് വിഭാഗത്തിന് നൽകിയിട്ടും അതിന് വിരുദ്ധമായാണ് തീരത്തും പരിസരത്തും കെട്ടിടനിർമാണങ്ങൾ നടക്കുന്നത്. നിലവിൽ 280ൽ പരം അനധികൃത കെട്ടിട നിർമാണം നഗരസഭയിൽ തീരദേശത്തും മറ്റുമായി നടക്കുന്നതായി ബി.ജെ.പി, നഗരസഭ പാർലമെന്ററി പാർട്ടി നേതാവ് അഡ്വ.ആർ.അനിൽകുമാർ പ്രസ്ഥാവനയിൽ ചൂണ്ടിക്കാട്ടി.