dd

തിരുവനന്തപുരം: തലസ്ഥാനത്ത് ടൂറിസം വകുപ്പിന് കീഴിലുള്ള ഗവ. ഗസ്റ്റ് ഹൗസിൽ റൂമുകളുടെ കുറവ് സംബന്ധിച്ച പരാതികൾക്ക് പരിഹാരമാകുന്നു. ഗസ്റ്റ് ഹൗസിലെ താമസ സൗകര്യം നിലവിലുള്ളതിന്റെ ഇരട്ടിയാക്കുന്നതിന്റെ ഭാഗമായി പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ഉടൻ തുടങ്ങും. നിലവിലെ ഗസ്റ്റ് ഹൗസിന് പിൻവശത്തായാണ് 35 മുറികളുള്ള പുതിയ ബ്ളോക്ക് നിർമ്മിക്കുക. ഇതിന്റെ ഭാഗമായി ഗസ്റ്റ് ഹൗസ് കോമ്പൗണ്ടിലുള്ള മരങ്ങൾ മുറിച്ച് മാറ്റിയത് ട്രീവാക്ക് ഉൾപ്പെടെ ചില പരിസ്ഥിതി സംഘടനകളുടെയും വൃക്ഷസ്നേഹികളുടെയും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നിർമ്മാണത്തിനായി ടൂറിസം വകുപ്പ് വനംവകുപ്പിനും ജില്ലാ ട്രീകമ്മിറ്റിക്കും നൽകിയ അപേക്ഷയിൽ സ്ഥല പരിശോധന നടത്തി മരങ്ങളുടെ മൂല്യം നിർണയിച്ചശേഷമാണ് അവ മുറിച്ച് മാറ്റാൻ അനുമതി നൽകിയത്. മരങ്ങൾ മുറിച്ച് മാറ്റിയ സ്ഥലം നിർമ്മാണ കരാറേറ്റെടുത്ത കമ്പനിക്ക് കൈമാറുന്നതോടെ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കും.

പണി കഴിപ്പിക്കുന്നത് - 35 എ.സി മുറികളുള്ള കെട്ടിടം

നിർമ്മാണ ചെലവ് - 18 കോടി

നിലവിൽ

നിലവിൽ 32 മുറികളുള്ള അതിഥി മന്ദിരമാണ് തൈക്കാടുള്ളത്. തലസ്ഥാന നഗരമായതിനാൽ മിക്കപ്പോഴും ഫുൾ ബുക്കിംഗ് ആയിരിക്കും. അതിനാൽ പലപ്പോഴും അതിഥികൾക്ക് മുറികൾ ലഭിക്കാത്തത് പരാതികൾക്കും കാരണമായിട്ടുണ്ട്. അതിന് പരിഹാരം കാണാനായാണ് പുതിയ കെട്ടിടം നിർമ്മിക്കാൻ സംസ്ഥാന ടൂറിസം വകുപ്പ് പദ്ധതി തയ്യാറാക്കിയത്.

ബുക്കിംഗ്

സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പ് മുഖാന്തരമാണ് ഗസ്റ്റ് ഹൗസുകളിലെ മുറികൾ ബുക്ക് ചെയ്യുന്നത്. ഡബിൾ റൂമിന് 1000 രൂപയും ജി.എസ്.ടിയുമാണ് ഫീസ്. സിംഗിൾ റൂമിന് 700 രൂപയും ജി.എസ്.ടിയും ഒടുക്കണം.എം.പി മാർക്ക് 150 രൂപയ്ക്ക് റൂം ബുക്ക് ചെയ്യാം. തലസ്ഥാനത്ത് എം.എൽ.എ ക്വാർട്ടേഴ്സ് ഉള്ളതിനാൽ എം.എൽ.എ മാർക്ക് റൂം ബുക്കിംഗ് ഫീസിൽ ഇളവുകളില്ല. ഗസറ്റഡ് ഓഫീസർമാ‌ർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് 225 രൂപയ്ക്കും ഗസറ്റഡ് അല്ലാത്തവർക്ക് റൂം വാടകയുടെ 75 ശതമാനം തുകയ്ക്കും റൂമുകൾ ലഭിക്കും.