
നെയ്യാറ്റിൻകര: കഠിനമായ വേദനകൾക്കിടയിലും തന്നെക്കാൾ വിഷമിക്കുന്നവർക്ക് സഹായം ചെയ്യാനാണ് 14കാരിയായ ഭദ്രയ്ക്ക് താത്പര്യം. കഴിഞ്ഞ ദിവസം തൃശ്ശൂരിൽ കീമോയ്ക്ക് വിധേയമായി തലമുടി നഷ്ടപ്പെട്ട വിദ്യാർത്ഥിനിക്ക് തന്റെ തലമുടി പൂർണമായും മുറിച്ച് നൽകിയാണ് ഭദ്ര തീരാവേദനകൾക്കിടയിലും മാതൃക കാട്ടിയത്.
മാരായമുട്ടം തത്തിയൂർ നിരപ്പിൽ ഗോവിന്ദത്തിൽ മരപ്പണി ചെയ്യുന്ന മണികണ്ഠന്റേയും ശ്രീകലയുടെയും ഏക മകളാണ് 9ാം ക്ലാസുകാരിയായ ശ്രീഭദ്ര. ഒന്നര വയസ് മുതൽ അനുഭവപ്പെടുന്ന കഠിനമായ വയറു വേദനയാണ് ഭദ്രയുടെ അസുഖം. എ.
ജില്ലയ്ക്കകത്തും പുറത്തുമായി നിരവധി ഡോക്ടർമാരെ കണ്ടിട്ടും അസുഖം ഇതുവരെയും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി വിഭാഗത്തിന്റെ ചികിത്സയിലാണ് ഇപ്പോൾ. നിരവധി പരിശോധനകൾ നടത്തിയെങ്കിലും രോഗ കാരണം മാത്രം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അമരവിള എൽ.എം.എസ്.എച്ച്.എസിലെ വിദ്യാർത്ഥിയായ ഭദ്രയ്ക്ക് അസുഖം കാരണം ഇതുവരെയും സ്കൂളിൽ പോകാൻ കഴിഞ്ഞിട്ടില്ല.
വേദനകൾക്കിടയിലും തന്നെക്കാൾ കഷ്ടപ്പെടുന്നവരെ സഹായിക്കണമെന്ന ചിന്തയിലാണ് തന്റെ മുഴുവൻ മുടിയും മുറിച്ച് നൽകാൻ ഭദ്ര തീരുമാനിച്ചത്. ഇതിനായി 2 വർഷം മുൻപേ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. അയൽപക്കത്ത് നിന്ന് 500 രൂപ കടം വാങ്ങി കൊല്ലത്ത് ഇളയമ്മയുടെ വീട്ടിൽ ചെന്നാണ് ഭദ്ര മുടി മുറിച്ച് ദാനം ചെയ്തത്.
നടൻ സുരേഷ് ഗോപിയെ നേരിട്ട് കാണണമെന്ന ഭദ്രയുടെ ആഗ്രഹമറിഞ്ഞ് കഴിഞ്ഞ ദിവസം സുരേഷ്ഗോപി വീഡിയോ കോളിലൂടെ ഭദ്രയുമായി സംസാരിച്ചിരുന്നു. തിരുവനന്തപുരത്തെത്തുമ്പോൾ നേരിട്ട് കാണാമെന്ന് അദ്ദേഹം ഉറപ്പും നൽകി. ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി നായർ, ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാർ, ഫ്രാൻ ഭാരവാഹികൾ എന്നിവർ ഭദ്രയെ വീട്ടിലെത്തി അനുമോദിച്ചു.