r-nandhakumar

ഫെബ്രുവരി 14 വാലന്റൈൻസ് ദിനമാണെന്ന് അറിയാവുന്ന എത്ര മലയാളികൾക്ക് ഫെബ്രുവരി 21 മാതൃഭാഷാ ദിനമാണെന്ന് അറിയാം? പ്രാണവായുവും വെള്ളവും സ്വാതന്ത്ര്യവും പോലെ മനുഷ്യന്റെ ജന്മാവകാശമാണ് മാതൃഭാഷയും. ബംഗ്ലാദേശിലെ മാതൃഭാഷാവകാശ പ്രസ്ഥാനത്തിനും ദേശീയ പ്രസ്ഥാനത്തിനും സ്വത്വബോധത്തിനും സ്വാതന്ത്ര്യലബ്ധിക്കും ഇടയാക്കിയ 1952 ഫെബ്രുവരി 21- ന്റെ രക്തസ്നാതമായ വിദ്യാർത്ഥി സമര സ്മരണയിലാണ് ഐക്യരാഷ്ട്രസംഘടന 1999 ൽ അന്താരാഷ്ട്ര മാതൃഭാഷാദിനം പ്രഖ്യാപിച്ചത്.

കേരളത്തിനു സവിശേഷമായ സംസ്‌കാരവും സാമൂഹിക- രാഷ്ട്രീയ അസ്തിത്വവും നൽകിയത് മലയാളമാണെങ്കിലും, അതിനെ പുറംതിണ്ണയിലിരുത്തി നിരാകരിക്കാനുള്ള ബോധപൂർവമായ പ്രവർത്തനങ്ങൾ സംസ്ഥാനമുണ്ടായ കാലംതൊട്ടേ തുടരുന്നു. 2011ലെ സെൻസസ് അനുസരിച്ച് കേരള ജനസംഖ്യ 3,34,06,061 ആണ്. ഇവരിൽ മലയാളം മാതൃഭാഷയായുള്ളവർ 3,24,13,213 (97.28%). സംസ്ഥാനത്തു ജീവിക്കുന്ന ജനങ്ങളിൽ മലയാളം നല്ലവണ്ണം സംസാരിക്കുന്നവർ 98.98% ആയിരിക്കെ, ഇംഗീഷ് ഒഴുക്കോടെ സംസാരിക്കുന്നത് 21.24 ശതമാനം പേരാണ്. പക്ഷേ, ഈ 21 ശതമാനത്തിനു വേണ്ടിയാണ് ഇവിടെ ഉത്തരവുകളിറങ്ങുന്നത്!

2017 ൽ മലയാളപഠനം സ്‌കൂൾതലത്തിൽ നിർബന്ധമാക്കിക്കൊണ്ടുള്ള മലയാള പഠന നിയമം ആവിഷ്‌കരിക്കുന്നു. ചട്ടങ്ങളുണ്ടാക്കുന്നു. പക്ഷേ നടപ്പാക്കാൻ ഒരു പ്രയത്നവുമില്ല. ചട്ടങ്ങളുണ്ടാക്കി ഒരാഴ്ച കഴിയും മുമ്പ്, എൽ.പി- യു.പി വിഭാഗം അദ്ധ്യാപകർ പത്താം ക്ലാസു വരെയെങ്കിലും മലയാള മാദ്ധ്യമത്തിൽ പഠിച്ചവരോ, മലയാളം ഒരു വിഷയമായെങ്കിലും പഠിച്ചവരോ ആയിരിക്കണമെന്ന് കേരളമുണ്ടായ കാലം തൊട്ടേ നിലനിന്ന വ്യവസ്ഥയെ അട്ടിമറിച്ച് ഉത്തരവിറങ്ങുന്നു! ഇത്തരം ഉത്തരവുകൾ സർക്കാരിന്റെ പൊതുവിദ്യാഭ്യാസ നയത്തിനും എതിരാണ്. കുഞ്ഞുങ്ങളുടെ ഭാവിയെക്കരുതി ഈ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി ഒരു വർഷമായിട്ടും നടപടിയില്ല.

ഹിന്ദി, മറാഠി, ഗുജറാത്തി, തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ബംഗാളി, പഞ്ചാബി, അസമീസ്, ഒഡിയ തുടങ്ങി 11 ഭാഷകളിൽ എൻജിനFയറിംഗ് പഠനം ആരംഭിക്കണമെന്ന് എ.ഐ.സി.ടി.ഇ നിർദ്ദേശിച്ചിട്ടും 2022ലെ ബഡ്ജറ്റിൽ അതിനായി കോടികൾ വകയിരുത്തിയിട്ടും കേരളം മാത്രം പുറംതിരിഞ്ഞു നിൽക്കുന്നതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗത്തെ അവസ്ഥ.
ഇംഗ്ലീഷ്‌ വാക്കുകൾക്കു പകരം മലയാള പദങ്ങളുണ്ടാക്കുന്ന പ്രവർത്തനം ഒച്ചിഴയുന്നതു പോലെയെങ്കിലും നടക്കുന്നില്ല. പിന്നെയെങ്ങനെ ഭാഷ വളരും? തമിഴൻ കമ്പ്യൂട്ടറിനെ കണിനിയാക്കി. നമ്മളോ? കമ്പ്യൂട്ടർ എന്നെഴുതിയാലും മതി. പക്ഷേ പരിശ്രമം വേണ്ടേ? കല്പം എന്ന വാക്ക് എന്തുകൊണ്ട് ആലോചിച്ചുകൂടാ? അത് സംസ്‌കൃതമാണെന്നു പറയാൻ വരട്ടെ. ലളിതമാണല്ലോ. കൺസ്യൂമറിന് ഉപഭോക്താവ് എന്നു പറയുന്ന പ്രയാസമില്ലല്ലോ. വകയാൾ എന്ന നാടൻവാക്ക് ഉണ്ടായിട്ടാണ് നാം ഉപഭോക്താവിനെ സ്വീകരിച്ചത്. മൗസിന് ഓടമെന്നു പറയാമല്ലോ; കഴ്സറിന് ചൂണ്ടിയെന്നും. വേണമെന്നു വച്ച് പരിപാലിൽ ചക്ക വേരിലും കായ്ക്കും. പക്ഷേ,​ വേണമെന്നു വയ്ക്കണം!

(ഐക്യമലയാളം സംസ്ഥാന കൺവീനർ ആണ് ലേഖകൻ. മൊബൈൽ: 94470 55166)​