വിതുര: തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക്, ചായം വാർഡുകളുടെ അതിർത്തി പ്രദേശമായ മണലയം മേഖലയിൽ അനുഭവപ്പെടുന്ന ദുർഗന്ധത്തിനും, ഈച്ച ശല്യത്തിനും പരിഹാരമായി. ഇൗച്ച ശല്യത്തിന് കാരണമായി പ്രദേശത്ത് പ്രവർത്തിച്ചിരുന്ന കോഴിഫാമിലെ കോഴികളെ മുഴുവൻ നീക്കം ചെയ്യുകയും, കോഴിഫാം കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റുകയും ചെയ്തു.
മണലയം, പേരയത്തുപാറ മേഖലയിൽ ഒരുമാസമായി ഇൗച്ചശല്യം രൂക്ഷമായിരുന്നു. ഇൗച്ചകളുടെ എണ്ണം പെരുകുകയും,ദുർഗന്ധം വ്യാപിക്കുകയും ചെയ്തതോടെ വീടുകളിൽ ഭക്ഷണം പാചകം ചെയ്യുവാനോ,കിടന്നുറങ്ങുവാനോ കഴിയാത്ത അവസ്ഥയായിരുന്നു. നാട്ടുകാർ പഞ്ചായത്തിലും, ആരോഗ്യവകുപ്പിനും പൊലീസിനും അനവധി തവണ പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ കഴിഞ്ഞ ദിവസം തൊളിക്കോട് പഞ്ചായത്ത് ഒാഫീസ് ഉപരോധിച്ചു.
സെക്രട്ടറിയുടെ ഒാഫീസിൽ ഒരു മണിക്കൂറോളം ഉപരോധസമരം നടത്തി. ഒടുവിൽ വിതുര എസ്.ഐ എസ്.എൽ. സുധീഷ് സമരക്കാരുമായി ചർച്ച നടത്തുകയും 24 മണിക്കൂറിനകം കോഴിഫാം പൊളിച്ചു മാറ്റാമെന്ന് ഉറപ്പ് നൽകുകയും ചെയ്ത ശേഷമാണ് സമരം അവസാനിപ്പിച്ചത്. തുടർന്ന് എസ്.ഐ നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ മണലയത്ത് പ്രവർത്തിക്കുന്ന കോഴിഫാം പൊളിച്ചുമാറ്റാൻ ഉടമയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. 24 മണിക്കൂറിനകം കോഴികളെ മാറ്റിയില്ലെങ്കിൽ കേസെടുക്കുകയും മറ്റ് നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് അറിയിക്കുകയും ചെയ്തു.ഇതിനെ തുടർന്ന് ഉടമ രാത്രിയിൽ തന്നെ കോഴികളെ മുഴുവൻ മാറ്റുകയും പിറ്റേദിവസം ഷെഡും പൊളിച്ചുമാറ്റുകയും ചെയ്തു. ഇൗച്ച ശല്യത്തിന് പരിഹാരം കാണാൻ അടിയന്തര നടപടികൾ സ്വീകരിച്ച വിതുര എസ്.ഐ എസ്.എൽ.സുധീഷിന് മണലയം, പേരയത്തുപാറ നിവാസികൾ നന്ദി പറഞ്ഞു.