
തിരുവനന്തപുരം: നല്ലയിനം വൃക്ഷ തൈകൾ ഉൽപ്പാദിപ്പിച്ച് വനേതര പ്രദേശങ്ങളിൽ വച്ചു പിടിപ്പിക്കുന്നതിനും അവയുടെ പരിപാലന പ്രവർത്തനങ്ങൾക്കുമായി വനം വകുപ്പും തദ്ദേശസ്വയം ഭരണ വകുപ്പും സംയുക്തമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 'വൃക്ഷസമൃദ്ധി' പദ്ധതി നടപ്പിലാക്കുന്നു. അനുമതി നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. നഴ്സറി സ്ഥാപിക്കുന്നതിനു വേണ്ടി സാങ്കേതിക സഹായവും വിത്തും വനം വകുപ്പ് നൽകും. 14 ജില്ലകളിലായി 758 സ്ഥലങ്ങളിൽ നഴ്സറി സ്ഥാപിക്കുന്നതിനുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. 43 ലക്ഷം വൃക്ഷത്തൈകൾ നടാനാണ് ലക്ഷ്യമിടുന്നത്. ഔഷധ സസ്യങ്ങൾക്കും ഫലവൃക്ഷങ്ങൾക്കും പ്രാധാന്യം നൽകുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. നടപ്പ് വർഷത്തിൽ പദ്ധതിക്കായി വനം വകുപ്പിൽ നിന്നും 45 ലക്ഷം രൂപ വിനിയോഗിക്കും. വനം വകുപ്പിന്റെ സാമൂഹ്യവനവത്കരണ വിഭാഗം പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും ആവശ്യമായ സാങ്കേതിക സഹായങ്ങളും പരിശീലനവും നൽകും.