നെയ്യാറ്റിൻകര: അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി മാർച്ച് 6 മുതൽ 13 വരെ കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് പെൺ യാത്രകൾ എന്ന പേരിൽ വനിതകളുടെ വിനോദയാത്രകൾ സംഘടിപ്പിക്കുന്നു. അപ്പൂപ്പൻ താടികൾ, നിംസ് മെഡിസിറ്റി, ലൈഫ് ഫൗണ്ടേഷൻ, വനിതാ കണ്ടക്ടർ കൂട്ടായ്മ, ബോണ്ട് ചങ്ങാതിക്കൂട്ടം തുടങ്ങിയ വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് പെൺ യാത്രകൾ ഒരുക്കുന്നത്. യാത്രയുടെ പ്രചരണാർത്ഥം പോസ്റ്റർ പ്രചാരണം, വീഡിയോ ആൽബങ്ങൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. സ്ത്രീകളുടെ ആത്മവിശ്വാസം വളർത്തുക, പൊതുഗതാഗതം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് കെ.എസ്.ആർ.ടി.സിയുടെ വനിതാ യാത്രാവാരം സംഘടിപ്പിക്കുന്നതെന്ന് ടൂറിസം സെൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സാം ജേക്കബ് ലോപ്പസ് അറിയിച്ചു.തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകരയിൽ നിന്നാണ് വനിതാ യാത്രകൾ തുടങ്ങുന്നത്. കൊല്ലത്തെ മൺറോതുരുത്ത്, സാമ്പ്രാണിക്കൊടി, തിരുമുല്ലവാരം ബീച്ച് എന്നിവിടങ്ങളിലേക്കാണ് ഈ വർഷത്തെ വനിതാവാര യാത്രകൾ.മാർച്ച് 6,8, 12, 13 തീയതികളിലാണ് വനിതാ യാത്രയിൽ പങ്കെടുക്കുന്നതിനും വിവരങ്ങൾക്കും 9846067232 എന്ന നമ്പറിൽ ബന്ധപ്പെടണം.