
നെടുമങ്ങാട്: സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ ഇപ്പോൾ സംസാരിക്കുന്നത് ലോക ബാങ്കിന്റെയും അന്താരാഷ്ട്ര നാണയനിധിയുടെയും ഭാഷയിലാണെന്നും ഇടതുപക്ഷത്തിന്റെ നയങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് കൊണ്ടുപോകാൻ ശ്രമിക്കുമ്പോൾ കമ്മ്യൂണിസ്റ്റുകാർ ജാഗ്രതയോടെ നേരിടണമെന്നും എൽ.ഡി.എഫ് ഗവൺമെന്റിനെ നിലപാടിൽ ഉറപ്പിച്ചുനിറുത്താൻ ശക്തമായ പോരാട്ടം ആവശ്യമാണെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സി.പി.ഐ 24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ഘടക സമ്മേളനങ്ങളുടെ ഭാഗമായി നെടുമങ്ങാട് മണ്ഡലത്തിലെ കൈതക്കാട് ബ്രാഞ്ച് സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നണി നിലപാടുകളെക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ എൽ.ഡി.എഫിനെ ശക്തിപ്പെടുത്താനും ശരിയായ ദിശയിലേക്ക് കൊണ്ടുവരാനും വേണ്ടിയാണ്. കാര്യങ്ങൾ പറയുന്നത് സി.പി.ഐയും സി.പി.എമ്മും തമ്മിലടിക്കാൻ വേണ്ടിയല്ലെന്നും കാനം കൂട്ടിച്ചേർത്തു. എയർ ഇന്ത്യയും എയർപോട്ടും ഹിന്ദുസ്ഥാൻ ലാറ്റക്‌സും അടക്കം പൊതുമേഖലാസ്ഥാപനങ്ങൾ വിറ്റഴിച്ച് ഖജനാവ് നിറയ്ക്കാനാണ് ബി.ജെ.പി സർക്കാരിന്റെ ശ്രമമെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി.
ആദ്യകാല കമ്മ്യൂണിസ്റ്റ് വി. കൃഷ്‌ണപിള്ള പാർട്ടിപതാക ഉയർത്തി. എൽ.സി മെമ്പർ കൈതക്കാട് മുരളിയുടെ അദ്ധ്യക്ഷതയിൽ സജികുമാർ സ്വാഗതം പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറി റജി റിപ്പോർട്ട് അവതരിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്‌ണൻ, നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, ജില്ലാ കൗൺസിൽ മെമ്പർ കരകുളം രാജീവ്, വിബി ജയകുമാർ, വെമ്പായം എൽ.സി സെക്രട്ടറി കൊഞ്ചിറ മുരളി തുടങ്ങിയവർ സംസാരിച്ചു.